Site icon Ente Koratty

ജൂലൈ 25- ജയൻ എന്ന അതുല്യ നടന്റെ ഓർമ്മകൾക്കു മുൻപിൽ – ഒരു അരനാഴിക നേരം

മലയാള സിനിമയുടെ ജയൻ -യഥാർത്ഥ പേര് കൃഷ്ണൻ നായർ . മരിച്ചു 40 വർഷങ്ങൾക്കു ശേഷവും മലയാളിയുടെ മനസിൽ മരണമില്ലാത്ത മഹാനടൻ. 1939 ജൂലൈ 25നു കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ എന്ന കൃഷ്ണൻ നായരുടെ ജനനം.
സ്കൂൾ കാലഘട്ടത്തിൽ വച്ചു തന്നെ പഠനത്തിലും കലകായിക മത്സരങ്ങളിലും NCC യിലും മികച്ച പ്രകടനം കാഴ്ച വച്ച കൃഷ്ണൻ നായർക്ക് നേരിട്ടു ഇന്ത്യൻ നേവിയിൽ ജോലി ലഭിച്ചു. നേവിയിൽ നിന്നും വിരമിച്ച ശേഷമാണ് ജയൻ സിനിമയിൽ എത്തുന്നത്.

ശരീരസൗന്ദര്യം കൊണ്ടും ആകാര സൗകുമാര്യം കൊണ്ടും ഉൽക്കൃഷ്ടമായ അഭിനയ പാടവും കൊണ്ടും വളരെ കുറഞ്ഞ കാലയളവ് കൊണ്ടു തന്നെ ജയൻ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

https://www.youtube.com/watch?v=kpdatDuwiZE

മലയാളത്തിൽ ആക്‌ഷൻ ചിത്രങ്ങൾക്കും, സ്റ്റണ്ട് – സാഹസിക രംഗങ്ങൾക്ക് തുടക്കം കുറിക്കുന്നത് തന്നെ ജയൻ എന്ന നടനിലൂടെയായിരുന്നു എന്നു പോലും പറയാം. കാരണം, അത്രയും സമർത്ഥമായും, അർപ്പണ മനോഭാവത്തോടെയുമാണ് അദ്ദേഹം, തന്റെ അഭിനയത്തിന്റെ അനന്ത സാധ്യതകളെ മലയാളിക്ക് പരിചയപെടുത്തിയത്. ഡ്യൂപ്പില്ലാതെ തന്നെ, ഏതു ആക്‌ഷൻ രംഗവും ചെയ്യുവാനുള്ള മെയ് വഴക്കവും ധൈര്യവും സംവിധയകരെയും പ്രേംനസീർ തുടങ്ങി എല്ലാ അഭിനേതാക്കളെയും വിസ്മയിപ്പിച്ചിരുന്നു.

ചെറിയ വില്ലൻ വേഷങ്ങൾ ചെയ്തുവെങ്കിലും മലയാളത്തിലെ നായക കഥാപാത്രങ്ങൾക്കു കാരിരുമ്പിന്റെ കരുത്തും ആർദ്രതയും, സൗകുമാര്യവും പ്രദാനം ചെയുവാൻ ജയന് കഴിഞ്ഞു. ഗാനരംഗങ്ങളിലും അസാമാന്യമായ അഭിനയ പാടവം അദ്ദേഹം പ്രകടിപ്പിച്ചു.

കസ്തുരി മാൻ മിഴി മലർ ശരമേതോ….., കണ്ണും കണ്ണും കഥകൾ കൈമാറും അനുരാഗമേ എന്ന ഗാനരംഗങ്ങളും മലയാളിക്കു മറക്കാനാവില്ല. ഒരു കാലഘട്ടത്തിന്റെ തന്നെ ഗാനരംഗങ്ങൾ.

1970-കളിൽ നിരവധി ചിത്രങ്ങളിൽ ആക്ഷൻ ഹീറോയായി അഭിനയിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനേതാവായി ഉയർന്നുവന്ന കാലയളവിനു മുമ്പ് ജയൻ ഇന്ത്യൻ നാവികസേനയിലെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു. 41 വയസിൽ തന്റെ പ്രശസ്തിയുടെ ഉത്തുംഗത്തിലായിരിക്കെ ഒരു ഹെലിക്കോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. ഒരു ഹെലികോപ്ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു.  

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻ വേഷങ്ങളായിരുന്നു. ചലച്ചിത്ര നടൻ ജോസ് പ്രകാശാണ്‌ ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ചലച്ചിത്ര നടി ജയഭാരതി. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു.

മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.

https://www.youtube.com/watch?v=oes1pLO_nk4

സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു.

ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം.

1974 മുതൽ ’80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് “പൂട്ടാത്ത പൂട്ടുകൾ” എന്ന തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.
ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു.

സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

ഇന്നും ജനഹൃദയങ്ങളിൽ മരണമില്ലാതെ ജീവിക്കുന്നു ജയൻ എന്ന നടനും മനുഷ്യ സ്നേഹിയും – ഒരു കാലഘട്ടത്തിന്റെ തന്നെ രോമാഞ്ചം

Exit mobile version