ന്യൂഡൽഹി: സിനിമ തീയറ്ററുകൾ തുറക്കണമെന്ന നിർദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. കഴിഞ്ഞ ദിവസം CII മീഡിയ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ, ഇത്തരമൊരു നിർദേശം ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ അല്ലെങ്കിൽ ഓഗസ്റ്റ് 31നകം തീയറ്ററുകൾ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നൽകണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയം തന്നെയാണെന്നും പ്രത്യേകം കൂട്ടിച്ചേർത്തിട്ടുണ്ട്.
സാമൂഹിക അകലം അടക്കം കൃത്യമായ പ്രതിരോധ നിയന്ത്രണങ്ങൾ ഉറപ്പാക്കി തിയറ്ററുകൾ തുറക്കാനുള്ള നിർദേശമാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്നത്. സീറ്റുകളുടെ ക്രമീകരണം നടത്തുമ്പോൾ ഒന്നിടവിട്ടുള്ള നിരകൾ ഒഴിച്ചിട്ടാകണം ആളുകളെ ഇരുത്തേണ്ടത്. രണ്ടര മീറ്റർ അകലം എന്ന സാമൂഹിക അകല മാനദണ്ഡവും ഇക്കാര്യത്തിൽ കണക്കിലെടുക്കുമെന്നും അമിത് ഖാരെ വ്യക്തമാക്കി. എന്നാൽ നിർദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെ തുടർന്നാണ് രാജ്യത്ത് സിനിമാ തീയറ്ററുകൾ അടച്ചത്. ലോക്ക് ഡൗണിൽ പലഘട്ടങ്ങളിലായി ഇളവ് നൽകിയെങ്കിലും തിയറ്ററുകൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ആ സാഹചര്യത്തിലാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ നിർദേശവുമായെത്തിയിരിക്കുന്നത്.