തിലകൻ എന്ന മലയാളത്തിന്റെ അഭിനയ സാമ്രാട്ട്. ശബ്ദഗാഭീര്യം കൊണ്ടും വികാരം തരളിത മായ ഭാവാഭിനയം കൊണ്ടു മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ. തിലകൻ കാലയവ നികക്കുള്ളിൽ മറഞ്ഞുവെങ്കിലും ഇന്ന് ജൂലൈ 15, അദേഹത്തിന്റെ 85- മത് ജന്മദിനമാണ്.
തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ (1935 ജൂലായ് 15 – 2012 സെപ്റ്റംബർ 24). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. അഭിനയരംഗത്ത് അദ്ദേഹം 50-ലേറെ വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരുന്നു.
കൊരട്ടി, തിരുമുടിക്കുന്നു സ്വദേശിയും പ്രശസ്തനായ നാടകനടനുമായ ഔസെപ്പച്ചന്റെ വലിയ സുഹൃത്തുമായിരുന്നു തിലകൻ. ഇരുവരും ഒരുമിച്ചു അങ്കമാലി നാടക നിലയത്തിന്റെ നാടകങ്ങളിൽ അഭിനയച്ചിരുന്നു. അങ്ങനെ ഔസേപ്പച്ചനിലൂടെ കൊരട്ടിയുമായി തിലകന് അടുത്ത സൗഹൃദമുണ്ടായിരുന്നു.
പിന്നീടു സിനിമയിലെത്തി പ്രശസ്തനായെങ്കിലും കൊരട്ടിയുമായുള്ള ബന്ധം തിലകൻ ഉപേക്ഷിച്ചിരുന്നില്ല. ആ ബന്ധത്തിന്റെ തുടർച്ചയെന്നോളം കൊരട്ടി, മുരിങ്ങൂരിന്റെ സമീപ പ്രദേശങ്ങളിൽ അദ്ദേഹം സ്ഥലം വാങ്ങിച്ചിരുന്നു.
2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3] 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു.
സംസ്ഥാനപുരസ്കാരം – മികച്ച നടൻ
1990 – പെരുന്തച്ചൻ
1994 – ഗമനം, സന്താനഗോപാലം
മികച്ച സഹനടൻ/രണ്ടാമത്തെ നടൻ
1982 – യവനിക
1985 – യാത്ര
1986 – പഞ്ചാഗ്നി
1987 – തനിയാവർത്തനം
1988 – മുക്തി, ധ്വനി
1998 – കാറ്റത്തൊരു പെൺപൂവ്
പ്രത്യേക ജൂറിപുരസ്കാരം
1989 – നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്
പെരുന്തച്ചനിലെ തച്ചനെയും കീരീടത്തിലെ അച്യുതൻ എന്ന ഹെഡ് കോൺസ്റ്റബിളിനെയും സൻമനസുള്ളവർക്കു സമാധാനത്തിലെ ദാമോദർജീയേയും ഇന്ത്യൻ റുപ്പിയിലെ അച്യുതമേനോനെയും, ഉസ്താദ് ഹോട്ടലിലെ ഫയ്സിയുടെ ഉപ്പാപ്പ കരിം ഇക്കയേയും മലയാളിക്കു മറക്കാനാവില്ല. ഇനിയും പറഞ്ഞാൽ തീരാത്ത എത്രയോ ജീവസുറ്റ കഥാപാത്രങ്ങൾ. സൂക്ഷ്മ അഭിനയത്തിന്റെയും വൈകാരികതയുടെയും പകർന്നാട്ടങ്ങൾ.
” നിന്റെ അച്ഛനടാ പറയണ്ണതു കത്തി താഴെയിടാൻ….. “
ഈ ഒറ്റഡയലോഗ് പോരെ തിലകനെന്ന കർക്കശ്യകാരനായ ഈ അഭിനയ വിസ്മയത്തെ ഓര്മിക്കുവാൻ