മലയാളത്തിന്റെ പ്രിയപ്പെട്ട ശങ്കരാടി. (1924 – 2001), 700 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ റിയലിസ്റ്റിക്ക് നടന്മാരിൽ പ്രധാനിയായിരുന്നു ശങ്കരാടി. 1960 മുതൽ തുടങ്ങിയ ആ അഭിനയ സപര്യയിലൂടെ എത്രേയത്ര റിയലിസ്റ്റിക്ക് കഥാപാത്രങ്ങളെയാണ് മലയാള സിനിമക്ക് ലഭിച്ചത. അടൂർ ഭാസി, ബഹദൂർ എന്നിവരോടൊപ്പം മികച്ച ഹാസ്യകഥാപാത്രങ്ങളെ ശങ്കരാടി മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം തുടങ്ങി ഡിജിറ്റൽ യുഗത്തിന് തുടക്കം കുറിക്കുന്ന കാലഘട്ടം വരെ റിയലിസ്റ്റിക്ക്അഭിനയത്തിന്റെ ലളിത സൗകുമാര്യം ചാലിച്ച് ചേർത്ത അദ്ദേഹത്തിന്റെ അഭിനയ പാടവം മലയാളിക്ക് മറക്കാനാവില്ല
വിയറ്റ്നാം കോളനി, റാംജിറാവു സ്പീകിംഗ്, ഗോഡ് ഫാദർ, കീരീടം, സന്ദേശം, ആറാം തമ്പുരാൻ തുടങ്ങി നിരവധി സിനിമകളിൽ ഏതു പ്രായക്കാരായ അഭിനേതാക്കളോടു കിടപിടിക്കുന്ന അഭിനയത്തികവിന്റെ ലാളിത്യമാണ് ശങ്കരാടി മലയാള സിനിമക്ക് നൽകിയത്. ജൂലൈ 14, അദ്ദേഹത്തിന്റെ ജന്മദിനമാണ്.
വടക്കൻ പറവൂർ മേമന വീട്ടിൽ കണക്ക ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ചെറായി ശങ്കരാടി ജാനകിയമ്മയുടെയും മകനായി 1924-ൽ ജന്മം. എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കരാടി ബറോഡയിൽ മറൈൻ എൻജിനീയറിംഗ് പഠിക്കാൻ പോയെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തന്റെ അഭിനയ ജീവിതത്തിൽ എത്തുന്നതിന് മുൻപ് ശങ്കരാടി രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ്സ് പാർട്ടിയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട്, കമ്മ്യൂണിസ്റ്റ് (CPI) പാർട്ടിയിൽ ചേർന്നു. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ശങ്കരാടി കെ. പി. എ. സി. നാടകസംഘത്തിൽ എത്തുന്നത്. സാംസ്കാരിക പ്രവർത്തകർക്ക് കമ്മ്യൂണിസ്റ്റ്പാർട്ടി വേണ്ടത്ര അംഗീകാരവും പ്രോത്സാഹനവും നൽകിയിരുന്ന ഒരു കാലമായിരുന്നു അത്.
നാടകജീവിതത്തിൽ നിന്ന് ശങ്കരാടിയെ സിനിമയിൽ എത്തിക്കാൻ വഴിയൊരുക്കിയത് പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോയാണ്. കടലമ്മ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്റെ അച്ഛന്റെ കഥാപാത്രമാണ് ശങ്കരാടി അവതരിപ്പിച്ചത്. ഇരുട്ടിന്റെ ആത്മാവിലെ അച്യുതൻ നായരും അസുരവിത്തിലെ അധികാരിയും ശങ്കരാടിക്ക് ഒന്നാംകിട നടനെന്ന ഖ്യാതി നേടിക്കൊടുത്തു. പിന്നീട് തന്റെ മരണം വരെ അഭിനയം തുടർന്നു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം 1969-71 വരെ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ നേടി. കൂടാതെ മികച്ച നായക നടനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ഉണ്ട്.
സന്ദേശത്തിലെ കുമാരപിള്ള സാറിന്റെ താത്വികമായ അവലോകനങ്ങളും, വിയറ്റ്നാം കോളനിയിലെ എല്ലാത്തിന്റെ രേഖ തന്റെ കൈയിലുണ്ട് എന്നുപറഞ്ഞു കൈരേഖ കാണിക്കുന്ന അഭിനയ വിസ്മയം. സത്യൻ അന്തിക്കാടിന്റെ സിനിമികളിലെ അവിഭാജ്യ സാന്നിധ്യം. ആറാം തമ്പുരാനിലെ നാട്ടുകാരാണവർ എന്ന് വേണ്ട പറഞ്ഞാൽ തീരില്ല അദേഹത്തിന്റെ സ്വാഭാവിക അഭിനയത്തിന്റെ നന്മയെ കുറിച്ച്. നാട്യങ്ങളിലാത്ത നാട്യപ്രധ്യാനി.