ലോക സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകൾ നേടിയ ട്രെയിലറായി സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന സിനിമയായ ദിൽ ബേച്ചാരയുടെ ട്രെയിലർ. മാർവൽ സിനിമാ പരമ്പരയിലെ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനെ ഉയർന്ന മാർജിനിൽ മറികടന്നാണ് ദിൽ ബേച്ചാര യൂട്യൂബിൽ ഒന്നാമതെത്തിയത്.
ദിൽ ബേച്ചാര ഇപ്പോൾ 67 ലക്ഷം ലൈക്കുകളാണ് നേടിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതുള്ള ട്രെയിലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 50 ലക്ഷത്തിലധികം ലൈക്കുകൾ നേടി. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനാവട്ടെ ആകെ 36 ലക്ഷം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. അതേ സമയം, ആകെ കാഴ്ചക്കാരുടെ എണ്ണത്തിൽ ഇൻഫിനിറ്റി വാർ തന്നെയാണ് ഇപ്പോഴും മുന്നിട്ടു നിൽക്കുന്നത്. 23 കോടിയിലധികം ആളുകളാണ് ഇൻഫിനിറ്റി വാർ ട്രെയിലർ കണ്ടത്. ദിൽ ബേച്ചാരയുടെ ട്രെയിലറിന് മൂന്നരക്കോടിയോളം വ്യൂസാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ക്യാൻസർ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് ദിൽ ബേച്ചാരയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തിൽ എത്തുന്നു. ജോൺ ഗ്രീൻ എഴുതിയ ബെസ്റ്റ് സെല്ലർ നോവൽ ‘ദി ഫാൾട്ട് ഇൻ അവർ സ്റ്റാഴ്സ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നോവലിനെ ആധാരമാക്കി നോവലിൻ്റെ അതേ പേരിൽ മുൻപ് ഇറങ്ങിയ ഹോളിവുഡ് സിനിമ വൻ വിജയമായിരുന്നു.
മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദിൽ ബേച്ചാര. നായിക സഞ്ജന സംഗിയും പുതുമുഖം ആണ്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് സംവിധാനം. വരുന്ന 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക.