Site icon Ente Koratty

കൊരട്ടിയുടെ സ്വന്തം ‘കീരീടത്തിന്’ -മുപ്പത്തിയൊന്നു വയസു

റെൻസ് തോമസ്

ലോഹിത ദാസ് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത  മോഹൻ ലാൽ നായകനായി അഭിനയിച്ച കീരീടം എന്ന മലയാളത്തിലെ എക്കാലത്തെയും മെഗാഹിറ്റു സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 31 വര്ഷം തികയുന്നു. വെറും 6 ദിവസം കൊണ്ട് തിരക്കഥ എഴുതി, 25 ദിവസും കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണ് കീരീടം.

https://www.youtube.com/watch?v=bMj4ThF5GJE

കീരീടം എന്ന സിനിമ മോഹൻലാൽ എന്ന നടനു മലയാളസിനിമയിൽ ഒരു കീരീടം തന്നെയാണ് ചാർത്തികൊടുത്തത്. രാഷ്ട്രപതിയിൽ നിന്നും അഭിനയത്തിനുള്ള പ്രേത്യേക പുരസ്‌കാരവും ഈ സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് ലഭിച്ചു.

തന്റെ ജന്മസ്ഥലമായ കൊരട്ടിയിലെ മുരിങ്ങൂരിനു സമീപം നടന്ന സംഭവകഥയെ ആധാരമാക്കിയാണ് കീരിടത്തിനു ലോഹി തിരകഥ രചിക്കുന്നത്. എന്നാൽ ഭാവനാല്മകമായ നിരവധി മുഹൂർത്തങ്ങൾ ചാലിച്ചു ചേർത്തു ലോഹി തിരക്കഥക്കു മൂർച്ചകൂട്ടി.
അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിന്റെ വൈകാരികതലങ്ങളെ വളരെ വ്യക്തതയോടും സൂക്ഷ്മതയോടും കൂടി ലോഹിതദാസ് വിളക്കി ചേർത്തു. SI സെലെക്ഷനായി കാത്തുനിൽക്കുന്ന തന്റെ മൂത്ത മകൻ സേതുവിന് മുൻപിൽ സല്യൂട്ട് ചെയ്തിട്ടു തന്റെ ഹെഡ്കോൺസ്റ്റബിൾ ഉദ്യോഗം വിരമിക്കുവാൻ സ്വപ്നം കാണുന്ന അച്ഛൻ അച്യുതനെ മലയാളിക്കു മറക്കാനാവില്ല.

സേതു മാധവനായി മോഹൻലാലും അച്യുതനായി തിലകനും അഭിനയത്തിന്റെ പരകായപ്രവേശത്തിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. കീരികാടൻ ജോസ് എന്നാണ് ഈ സിനിമയിലൂടെ നടൻ മോഹൻരാജ് അറിയപ്പെട്ടത്. പാർവതിയും, കവിയൂർ പൊന്നമ്മയും, ഫിലോമിനയും, തൃശൂർ എൽസിയും ഉഷയും ശങ്കരാടിയും ജഗദീഷും കൊച്ചിൻ ഹനീഫയും ജോണിയും മുരളിയും ശ്രീനാഥും മണിയൻ പിള്ള രാജുവും മാമുകോയയും തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ തന്നെ അവതരിപ്പിച്ചു.

ഹെഡ്കോൺസ്റ്റബിളായ അച്ഛനെ നടുറോഡിലിട്ട് പട്ടിയെ പോലെ തല്ലുന്ന തെരുവുഗുണ്ട കീരിക്കാടൻ ജോസിനെ കണ്ടു മകൻ സേതുമാധവന്റെ സർവനിയന്ത്രണങ്ങളും വിട്ടു പോകുന്നു.

കീരിക്കാടൻ ജോസിനെ പേടിച്ചു നിൽക്കുന്ന നാട്ടുകാർക്ക്‌ മുൻപിലേക്ക് സേതുമാധവൻ ചാടിവീഴുന്നു. കീരിക്കാടനെ കീഴ്പ്പെടുത്തുന്നു. ഇതു കണ്ട് നാട്ടുകാർ സേതുവിനെ പിടിച്ചു ഉയർത്തി ആർപ്പുവിളിക്കുമ്പോൾ, അച്ഛന്റെ മനസ്സിൽ കനലെരിയുന്നു.

കീരിക്കാടൻ ജോസിന്റെ പണപിരിവിനെ പേടിക്കാതിരിക്കുവാനും എതിരിടാനുമായി നാട്ടുകാർ സേതുവിന്‌ അയാൾ അറിയാതെ ഒരു കീരീടം ചാർത്തികൊടുത്തപ്പോൾ അച്ഛന്റെ മനസിൽ സബ് ഇൻസ്‌പെക്ടർ സേതുമാധവൻ എന്ന സ്വപ്‍നം നഷ്ടപെടുമോ എന്ന ഭയം.

കീരികാടൻ പക തീർക്കുവാനായി എത്തുമെന്നുള്ള ഭയം അച്ഛനെ അലോസരപ്പെടുത്തുന്നു. പോലീസ് കേസിൽ പെട്ടാൽ SI സെലെക്ഷനും നഷ്ടമാകാം.

കൂട്ടുകാർ തന്റെ മകനെ വെച്ചു, സേതു അറിയാതെ മുതൽ എടുക്കുന്നത് പാവം അച്ഛൻ അറിയുന്നില്ല. ഒരു തെറ്റും ചെയാത്ത, തന്റെ അച്ഛനെ ജീവിനു തുല്യം സ്നേഹിച്ച സേതുമാധവൻ എന്ന ചെറുപ്പക്കാരന് വിധിയുടെ വിളയാട്ടം എന്ന പോൽ എല്ലാം നഷ്ടപെടുന്നു. തന്റെ കുടുംബത്തെയും ബന്ധുക്കളെയും പ്രാണപ്രേയസിയേയും.

സേതുവിനെ കൊല്ലാൻ തക്കം പാർത്തു നടുക്കുന്ന കീരിക്കാടൻ ജോസ്, തെരുവിൽ വച്ചു സേതുവിനെ ആക്രമിക്കുന്നു. നീണ്ട പോരാട്ടത്തിനൊടുവിൽ തന്റെ പ്രാണരക്‌ഷാർത്ഥം കീരികാടനെ, സേതു കുത്തികൊലുന്നു. ഇതു കേട്ടറിഞ്ഞൂ അച്ഛൻ ഓടി എത്തുമ്പോൾ എല്ലാ നിയന്ത്രണവും വിട്ടു അലറുന്ന സേതുവിനോട് ‘കത്തി താഴെയിടടാ, മോനെ, നിന്റെ അച്ഛനാടാ പറയുന്നതു… ‘ എന്ന ഡയലോഗിൽ അച്യുതനായി തിലകനും അച്ഛനു മുൻപിൽ കത്തി താഴെ വച്ചു മനസു തകർന്നു കീഴടങ്ങുന്ന മകനും പ്രേക്ഷകരെ കണ്ണീരണിയ്ക്കുന്നു…

പോലീസ് വെരിഫിക്കേഷന്റെ ഫയൽ കൊടുത്തിട്ടു സേതുമാധവൻ ഒരു നോട്ടോറിസ് ക്രിമിനൽ ആണെന്നും SI സെലക്ഷന് അർഹനല്ല എന്നും ഹെഡ് കോൺസ്റ്റബിളായ അച്ഛൻ മേലധികാരിയോട് പറയുന്നതും കീരിക്കാടന്റെ ഫോട്ടോയുടെ സ്ഥാനത്തു സേതുമാധവന്റെ ഫോട്ടോയും പേരും ചേർക്കുന്നതോടെ കീരീടം എന്ന സിനിമ അവസാനിക്കുന്നു

കണ്ണീർപൂവിന്റെ കവിളിൽ തലോടി, ഈണം മുഴുങ്ങി… എന്ന ഗാനം താതന്റെ ശോകത്താൽ വിഷാദതരളിതമായി സേതുവിൻറെ കണ്ണീർകീരിടമായി…

Exit mobile version