ഏ.കെ. ലോഹിതദാസ്, മലയാള ചലച്ചിത്രമേഖലയിൽ കഥാകൃത്ത്, തിരക്കഥകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, നടൻ, നിർമ്മാതാവ് എന്നീ നിലയിലും നാടകകൃത്ത്, നാടക സംവിധായകൻ എന്നി നിലയിൽ മലയാള നാടകലോകത്തും പ്രശസ്തനായ വ്യക്തിത്വം
എംടിയ്ക്കും പത്മരാജനും ശേഷം മലയാളത്തിന് ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരൻ. മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ്മേക്കറും തിരക്കഥരചനയുടെ ഭീഷ്മാചാര്യനുമായ ലോഹിതദാസ്, സ്വദേശം ചാലക്കുടി എന്ന മേൽവിലാസത്തിലാണ് അറിയപ്പെട്ടതു എങ്കിലും കൊരട്ടിയിലെ മുരിങ്ങൂരാണ് ജന്മദേശം.
1955 മെയ് 10 ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് കൊരട്ടിയിലെ മുരുങ്ങുരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനനം.ബാല്യകാലങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം കൊരട്ടിയിലായിരുന്നു. മഹാരാജാസ് കോളേജിൽ നിന്നും ഡിഗ്രിയും തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ലാബ് ടെക്നിഷ്യൻ കോഴ്സും പൂർത്തിയാക്കി. ചാലക്കുടിയിൽ ഒരു ലാബിന്റെ നടത്തിപ്പ് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് അന്നത്തെ അദേഹത്തിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്. അക്കാലത്താണ് നാടകരചനയിലേക്ക് അദ്ദേഹം കടക്കുന്നത്.
ചെറുകഥകളിലൂടെയാണ് ലോഹിതദാസ് ആദ്യമായി കലാരംഗത്തേയ്ക്ക് പ്രവേശിച്ചത്. എന്നാൽ അവിടെ ഉറച്ചുനിൽക്കാതെ തോപ്പിൽ ഭാസിയുടെ കെ.പി.എ.സി യ്ക്കു വേണ്ടി 1986 ൽ സിന്ധു ശാന്തമായൊഴുകുന്നു എന്ന ഒരു നാടകമെഴുതിക്കൊണ്ട് നാടകങ്ങളുടെ ലോകത്തേയ്ക്ക് കടന്നുവന്നു.
ഈ നാടകത്തിന് സംസ്ഥാന സർക്കാരിന്റെ അവാർഡു ലഭിച്ചതോടെ ലോഹിതദാസ് നാടകലോകത്ത് ശ്രദ്ധേയനായി മാറി
തുടർന്ന്, .” അവസാനം വന്ന അതിഥി ” “സ്വപ്നം വിതച്ചവർ” എന്നീ രണ്ടുനാടകങ്ങൾ കൂടി എഴുതിക്കഴിഞ്ഞപ്പോൾ ലോഹിതദാസ് പ്രശസ്ത സിനിമാ-നാടകനടനായ തിലകന്റെ ശ്രദ്ധയിൽ പെടുകയും അത് ലോഹിതദാസിന് ചലച്ചിത്ര രംഗത്തേയ്ക്കുള്ള വഴി തുറക്കുകയും ചെയ്തു.
1987 ൽ സിബിമലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന സിനിമയ്ക്കു വേണ്ടി കഥയും തിരക്കഥയും എഴുതി കൊണ്ടാണ് ലോഹിതദാസ് സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്. 1987 ലെ ഏറ്റവും നല്ല സിനിമയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരത്തിന് ഈ സിനിമ അർഹത നേടി
മനോരോഗം പാരമ്പര്യമായി പകർന്നു കിട്ടുന്ന ഒരു അസുഖമാണെന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിൽ ഭ്രാന്തിന്റെ വിഹ്വലതകളില്ലാതെ ജീവിച്ചിരുന്ന ഒരു പാവം എൽപി സ്ക്കൂൾ മാഷെ മുഴുഭ്രാന്തനാക്കുന്ന സമൂഹവും കുടുംബവും എന്ന ഒരു പ്രമേയം, എനിയ്ക്ക് ഭ്രാന്താണ് എന്നെ ചങ്ങലയ്ക്കിടു എന്നു പറയുന്ന എംടിയുടെ വേലായുധനു ശേഷം മലയാളസിനിമ കണ്ട പുതിയൊരനുഭവമായിരുന്നു.
ഈ സിനിമ സാമ്പത്തീകമായി വിജയംവരിയ്ക്കുകയും കൂടി ചെയ്തതോടെ ലോഹിതദാസ് എന്ന കലാകാരന്റെ കഥാപാത്രങ്ങളെ കാണാൻ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരുന്നു.
യഥാതഥവും എന്നാൽ വിഷാദാത്മകവുമായ സമകാലിക ജീവിതപ്രശ്നങ്ങളെ ചിത്രികരിയ്ക്കുന്നതിൽ വിദഗ്ദനായ ലോഹതദാസ് തന്റെ സിനിമയിൽ കൂടുതലും പരീക്ഷിച്ച രീതി കഥാപാത്രങ്ങളെ ആസ്പദമാക്കിയ കഥ പറയുന്ന രീതിയാണ്.
കൂടാതെ മികച്ച മലയാള സിനിമയ്ക്കുളള ഫിലിം ക്രിട്ടിക്ക് അവാർഡ് നേടിയ
ദശരഥം (1980)
കിരീടം (1990)
ഭരതം (1991)
ചെങ്കോൽ (1993)
ചകോരം (1994)
സല്ലാപം (1994)
തൂവൽ കൊട്ടാരം (1996)
ഭൂതക്കണ്ണാടി (1997)
ഓർമ്മച്ചെപ്പ് (1998)
ജോക്കർ (1999)
വീണ്ടും ചില വീട്ടുകാര്യങ്ങൾ (2000)
കസ്തൂരിമാൻ (2003)
നിവേദ്യം (2007)
തുടങ്ങിയ സിനിമകൾക്കും ലോഹിതദാസ് തിരക്കഥയെഴുതിയിട്ടുണ്ട്.
മലയാളത്തിന്റെ എക്കാലത്തെയും മെഗാഹിറ്റ് സിനിമ – മോഹൻലാൽ നായകനായ കീരിsത്തിന്റെ ഇതിവൃത്തം കൊരട്ടിയിൽ നടന്ന സംഭവകഥയാണ് എന്ന് അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.
ചാലക്കുടിയിൽ താമസിച്ചിരുന്ന കാലത്തു കോഴിക്കടയിൽ ഞായറാഴ്ച കോഴിവാങ്ങുവാൻ വരുമ്പോഴാണ് ചാലക്കുടിയുടെ മുത്ത് കലാഭവൻ മണി അദ്ദേഹവുമായി പരിചയപെടുന്നതും സല്ലാപം എന്ന സിനിമയിലേക്ക് എത്തുന്നത്. കൊരട്ടി സ്വദേശിയായ അന്തരിച്ച ജോബി ആൽബർട്ട്, ലോഹിതദാസിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. അവസാനകാലങ്ങളിൽ ലോഹിതദാസ് പാലക്കാടാണ് താമസിച്ചിരുന്നത്. ആലുവയിലും അദ്ദേഹത്തിന് സ്വന്തമായി വീട് ഉണ്ടായിരുന്നു.
കാലത്തിനുമുമ്പേ പിറന്ന പ്രമേയം എന്ന വിധത്തിൽ നിരൂപക ശ്രദ്ധനേടിയിട്ടുള്ള ഒരു സിനിമാപ്രമേയമായിരുന്നു ദശരഥത്തിലെ “വാടകയ്ക്കാെരു ഗർഭപാത്രം ” എന്ന പ്രമേയം.
അന്ന് ആ സിനിമയിറങ്ങുന്ന കാലത്ത് (1980) നമ്മുടെ സമൂഹം ആലോചിച്ചിട്ടു പോലുമില്ലാതിരുന്ന ആ പ്രമേയത്തെ അത്തരത്തിലൊരു ആസ്വാദകസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച് വിജയിപ്പിയ്ക്കാൻ ലോഹിതദാസ് കാണിച്ച ധൈര്യം അപാരം തന്നെയായിരുന്നു.
1997 ൽ ഭൂതക്കണ്ണാടി എന്ന സിനിമയിലൂടെ ലോഹിതദാസ് ആദ്യമായി സ്വതന്ത്ര സംവിധായകനായി, ഈ സിനിമയ്ക്ക് 1997 ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇതു കൂടാതെ ലോഹിതദാസ് ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്റ്റോപ് വയലൻസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
അതുപോലെ
ചെമ്മാനം പൂത്തേ ….
( ജോക്കർ-2000)
അഴകേ നീ പാടും
(ജോക്കർ)
രാക്കുയിൽ പാടി
(കസ്തൂരി മാൻ – 2003)
കോലക്കുഴൽവിളി കേട്ടോ
(നിവേദ്യം – 2007)
എന്നീ ചലച്ചിത്രഗാനങ്ങൾ രചിച്ചതും ഏ.കെ. ലോഹിതദാസാണ്.
ലോഹിതദാസ് 2009 ജൂൺ 28 ന് രാവിലെ 10.50 ന് തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം തന്റെ 54-ാം വയസ്സിൽ എറണാങ്കുളം ലിസി ഹോസ്പിറ്റലിൽ വച്ച് മരിച്ചത് മലയാളസിനിമാസ്വാദകർക്കും സിനിമാ വ്യവസായത്തിനും തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്. ലോഹിതദാസിന്റെ അകാല നിര്യാണം കാരണം അദ്ദേഹത്തിന്റെ രണ്ടു ചലച്ചിത്രങ്ങൾ പൂർത്തിയാക്കാതെ പോയിട്ടുണ്ട് എന്ന് പറഞ്ഞുകേൾക്കുന്നു.
ചെമ്പട്ട് എന്ന സിനിമയും, സിബി മലയിൽ മോഹൻലാൽ സിനിമയയായ ഭീഷ്മരുമായിരുന്നു ലോഹിതദാസിന്റെ നടക്കാതെ പോയ ആ രണ്ടു സ്വപ്നങ്ങൾ.