Site icon Ente Koratty

ഞാനൊരു സ്വതന്ത്ര സംവിധായകനാണ്, എനിക്കിഷ്ടമുള്ളിടത്ത് ഞാനെന്‍റെ സിനിമ പ്രദര്‍ശിപ്പിക്കും; ലിജോ ജോസ് പെല്ലിശ്ശേരി

എനിക്ക് എന്‍റെ കാഴ്ചപ്പാട് തെളിയിക്കാനുള്ള ഉപാധിയാണ് സിനിമ. പണം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല

ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ സിനിമാരംഗവും ഉണര്‍ന്നുകഴിഞ്ഞിരുന്നു. പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും താന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി.സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍’ എന്ന ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ലിജോ.

താനിനി മുതല്‍ സ്വതന്ത്ര സംവിധായകനായിരിക്കുമെന്ന് ലിജോ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ ചിത്രങ്ങള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്ന് താന്‍ തീരുമാനിക്കും. കോവിഡ് മഹാമാരിയുടെ കാലത്ത് മനുഷ്യര്‍ക്ക് സാന്ത്വനമേകലാണ് കലയുടെ ലക്ഷ്യം. സിനിമയില്‍ നിന്നുണ്ടാക്കുന്ന പണം നല്ല സിനിമകള്‍ നിര്‍മിക്കാനുപയോഗിക്കുമെന്നും ലിജോയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ലിജോ ജോസിന്‍റെ കുറിപ്പ്

“എനിക്ക് എന്‍റെ കാഴ്ചപ്പാട് തെളിയിക്കാനുള്ള ഉപാധിയാണ് സിനിമ. പണം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല. ഞാൻ ഒരു സ്വതന്ത്ര സംവിധായകനാണ്. സിനിമയിൽ നിന്നും ലഭിക്കുന്ന പണം മികച്ച സിനിമകളുടെ നിർമ്മാണത്തിന് വേണ്ടി മാത്രം ചെലവഴിക്കപ്പെടും, മറ്റൊന്നിനും അതുപയോഗിക്കില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന ഇടത്ത് ഞാൻ എന്‍ സിനിമ പ്രദർശിപ്പിക്കും. ഞാനാണ് അതിന്‍റെ സ്രഷ്‌ടാവ്‌.

നമ്മൾ ഒരു മഹാമാരിക്കെതിരായ ഒരു യുദ്ധത്തിന്‍റെ നടുവിലാണ് തൊഴിലില്ലായ്മ, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അസ്വസ്ഥതകൾ എന്നിവയും നേരിടുന്നു. വീട്ടിലെത്താൻ വേണ്ടി മനുഷ്യർ 1000 മൈൽ നടക്കുന്നു. കലാകാരന്മാർ വിഷാദബാധിതരായി മരിക്കുന്നു.

അതുകൊണ്ട് തന്നെ ജനങ്ങളെ മഹത്തായ കലാ സൃഷ്‌ടിയിലൂടെ പ്രചോദിപ്പിക്കേണ്ട സമയമാണിത്. ജീവിച്ചിരിക്കാൻ വേണ്ടി അവർക്ക് എന്തെങ്കിലുമൊരു പ്രതീക്ഷ നൽകണം. അതുകൊണ്ട് ഞങ്ങളോട് പണി നിർത്താൻ പറയരുത്, സൃഷ്‌ടിക്കാതിരിക്കാൻ പറയരുത്, ഞങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യരുത്, ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, ചെയ്താൽ നിങ്ങൾ ഭീമമായ നഷ്‌ടം നേരിടേണ്ടി വരും. കാരണം, ഞങ്ങൾ കലാകാരന്മാരാണ്

Exit mobile version