Site icon Ente Koratty

അന്നനാട് വായനശാല സമഗ്ര വികസനത്തിലേക്ക് , ഒപ്പം ഗ്രാമവും

അന്നനാട് ; തൃശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാലകളിൽ ഒന്നായ അന്നനാട് ഗ്രാമീണ വായനയുടെ സമഗ്ര വികസനത്തിനായ് തൃശൂർ ജില്ലാ പഞ്ചായത്ത് അനുവദിച്ച് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. റീഡിംങ്ങ് റൂം, സ്റ്റേജ് തുടങ്ങി അനുബന്ധ സൗകര്യങ്ങളോടെ ഒരുങ്ങുന്ന ലൈബ്രറിയിൽ വായനശാലയുടെ തന്നെ ചലച്ചിത്ര കൂട്ടായ്മയായ ഫ്രെയിംസ് ഫിലിം സൊസൈറ്റിയും തൃശൂർ ജില്ലാ പഞ്ചായത്തും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകവും ചേർന്ന് സംഘടിപ്പിക്കുന്ന അന്നനാട് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദിയോടെപ്പം ഒപ്പം ചലച്ചിത്ര പഠന കേന്ദ്രവും അടങ്ങുന്നതാണ് പദ്ധതി.

അത്യാധുനിക സംവിധാനങ്ങളോടെ തൃശൂർ ജില്ലയിൽ തന്നെ ഒരു ഗ്രന്ഥശാലയിൽ മിനി തിയറ്റർ ഒരുങ്ങുന്ന ആദ്യ വായനശാലയാകും അന്നനാട് ഗ്രാമീണ വായനശാല . തൃശൂർ ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ സുമേഷിന്റെയും അന്നനാട് വായനശാലയുടെയും ഫ്രെയിംസ് ഫിലിം സൊസൈറ്റിയുടെയും നിരന്തര ശ്രമങ്ങളുടെ ഫലമാണ് ചാലക്കുടി മണ്ഡലത്തിന്റെ തന്നെ അഭിമാനമായി തീരാവുന്ന ഈ പദ്ധതി. നിരവധി സമാന്തര ചലച്ചിത്ര പ്രവർത്തകർക്കും യുവ ചലച്ചിത്ര പ്രവർത്തകർക്കും പദ്ധതി പ്രയോജനം ചെയ്യും. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്ലാസ്സുകൾ ശിൽപശാലകൾ തുടങ്ങിയവയ്ക്ക് പദ്ധതി ഭാവിയിൽ ഉപയോഗപ്രദമാകും. കാടുകുറ്റിയിലെയും സമീപപ്രദേശങ്ങളിലെയും സാംസ്കാരിക മേഖലയ്ക്ക് പുത്തനുണർവ്വ് പദ്ധതി നൽകും.

വായനശാലയിലെ പുസ്തക സ്റ്റോക്ക്, അംഗത്വം വരിസംഖ്യ, പുസ്തക വിതരണം തുടങ്ങിയവ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിന് ഒന്നര ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിക്കും ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകിയിട്ടുണ്ട്.വായനക്കാരൻ ആവശ്യപ്പെടുന്ന പുസ്‌തകം ഒരു മൗസ്‌ ക്ലിക്കിൽ റാക്കിൽ നിന്ന്‌ കണ്ടെടുക്കാനും ലൈബ്രറിയിൽ ലഭ്യമായ പുസ്‌തകങ്ങൾ ഓൺലൈനായി ലോകത്ത്‌ എവിടെ നിന്നും അറിയാനും കഴിയുന്ന സംവിധാനമായാണ് പദ്ധതി ഒരുങ്ങുന്നത്.

2019 ലെ തൃശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറി കൗൺസിൽ അഫിലിയേറ്റഡ് ‘എ’ ഗ്രേഡ് ഗ്രന്ഥാലയമാണ് അന്നനാട് ഗ്രാമീണ വായനശാല .പതിനാലായിരത്തിലധികം പുസ്തകങ്ങളും അഞ്ഞൂറിലധികം അംഗങ്ങളും വായനശാലയിൽ ഉണ്ട്. കാടുകുറ്റി പഞ്ചായത്തിലെ ആദ്യ സൗജന്യ വൈ-ഫൈ കേന്ദ്രം കൂടിയാണ് അന്നനാട് ഗ്രാമീണ വായനശാല. നാടിന്റെ തന്നെ മുഖഛായ മാറാവുന്ന പ്രസ്തുത പദ്ധതിയെ വളരെയധികം പ്രതീക്ഷയോടെയാണ് വായനക്കാരും ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ഉറ്റുനോക്കുന്നത്.

Exit mobile version