Site icon Ente Koratty

മുടപ്പുഴഡാം പുനരുദ്ധാരണത്തിനായി നടപടിയില്ലെന്ന് നാട്ടുകാരുടെ പരാതി

ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്ന്

ശാപമോക്ഷം കാത്ത് തിരുമുടിക്കുന്ന് മുടപ്പുഴ ഡാം വര്‍ഷങ്ങളായി കാത്തിരിക്കുന്നു. അറ്റകുറ്റപ്പണിയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും നടക്കാത്തതുമൂലം ഡാം നശിച്ചുകൊണ്ടിരിക്കുന്നു. 

                     പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലക്ക് ഊന്നൽ നൽകുകയെന്ന ലക്ഷ്യംവച്ച് 1955 ൽ പണികഴിപ്പിച്ച മുടപ്പുഴ ഡാം ഇപ്പോൾ പായലും പാഴ് വസ്തുക്കളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. പതിനാറ് അടി താഴ്ചയുണ്ടായിരുന്ന ഈ ഡാം മിക്കവാറും മൂടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ലിഫ്റ്റ് ഇറിഗേഷൻ വഴി സുഗതി ജംഗ്ഷൻ, പെരുമ്പി ഭാഗത്തേക്ക് ജലം എത്തിക്കുന്നതിനോടൊപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം നിലനിർത്തുകയും ചെയ്യുന്ന വലിയൊരു ജലസംഭരണിയായിരുന്ന ഈ ഡാം പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പുനരുദ്ധാരണത്തിനായി ആലോചനാ യോഗങ്ങള്‍ ചേരുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നും കാണുന്നില്ല.

                      ചാലക്കുടിപ്പുഴയിലെ തുമ്പൂർമുഴി റിവർഡൈവേർഷൻ സ്കീമിന്റെ ഇടതുകര കനാൽവഴി പോകുന്ന വെള്ളം മുടപ്പുഴ ഡാമിനെ ജലസമ്പുഷ്ടമാക്കുന്നു. പക്ഷെ, കാലാകാലങ്ങളിൽ അറ്റകുറ്റപണിയും ശുചീകരണവും നടക്കാത്തതുകൊണ്ട് പഞ്ചായത്തിലെ 8, ഒമ്പത്, പത്ത് വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കുമായിരുന്ന ഈ ഡാം ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്. സെന്റ് മേരീസ് ഈസ്റ്റ്, സെന്റ് മേരീസ് വെസ്റ്റ് ഭാഗങ്ങളിലേക്ക് ഉപയോഗിക്കുന്നതിനായി മോട്ടോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഡാം പുനരുദ്ധാരണം നടക്കാത്തതുകൊണ്ട് വെള്ളം ലഭിക്കാത്തതുമൂലം പെരുമ്പി, സുഗതി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകൾ മിക്കവാറും വററി തുടങ്ങി. ഡാം പുനരുദ്ധരിക്കുന്നതിനുവേണ്ട നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
………………………………………………….
തിരുമുടിക്കുന്ന് മുടപ്പുഴ ഡാമിന്‍റെ ദൃശ്യങ്ങള്‍

Exit mobile version