Site icon Ente Koratty

സമ്മിശ്ര കൃഷിയുമായി കൊരട്ടിയുടെ അഭിമാനം ജോസ് സ്റ്റീഫൻ

ഡേവീസ് വല്ലൂരാൻ, തിരുമുടിക്കുന്ന്

യുവതലമുറക്ക് മാതൃകയായി ഇതാ ഒരു യുവകർഷകൻ. കമ്പ്യൂട്ടറിന്റേയും വൈറ്റ് കോളർ ജോലിയുടേയും പുറകെ യുവജനങ്ങൾ ഓടുമ്പോൾ കൃഷി ഒരു കലയാണെന്നും വരുമാനമാർഗ്ഗമാണെന്നും കാട്ടിതരുന്ന യുവ കർഷകൻ ശ്രദ്ധേയനാവുന്നു. സമ്മിശ്ര കൃഷിയുടെ ആത്മാവറിഞ്ഞ ഇദ്ദേഹത്തിന്റെ കൃഷിയിടം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ 2021- 22ലെ മികച്ച സമ്മിശ്ര കർഷകനുള്ള ആദരവ് ലഭിച്ച ജോസ് സ്റ്റീഫൻ തിരുമുടിക്കുന്ന് മുടപ്പുഴയിലുള്ള സ്വന്തം പുരയിടത്തിൽ കൃഷി ചെയ്താണ് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ലീലാസുബ്രഹ്മണ്യനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നെല്ല്, വാഴ, പച്ചക്കറികൾ കൂൺകൃഷി എന്നീ കൃഷികൾക്ക് പുറമെ കോഴി, താറാവ്, കാട, വിവിധതരം മീനുകൾ എന്നിവയേയും വളർത്തുന്നു. തെങ്ങും ജാതിയും കവുങ്ങും നിരവധിയുണ്ട്. മണ്ണിനും മനസിനും ഉണർവു തരുന്ന സമ്മിശ്രകൃഷിക്ക്  പ്രചാരമേറുകയാണ്. നാളേക്കായി പ്രകൃതിയുടെ വിഭവങ്ങൾ കാത്തുവക്കുന്ന ഈ കൃഷിരീതി മണ്ണും വെള്ളവും സംരക്ഷിക്കുകയും മനുഷ്യനെ പ്രകൃതിയുമായി ചേർത്തു നിർത്തുകയും ചെയ്യുന്നു.

കോഴിവളം, ചാണകം, ചാരം, എല്ലുപൊടി, മത്തി ശർക്കര മിശ്രിതം എന്നീ ജൈവ വളങ്ങളോടൊപ്പം രാസവളങ്ങളും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കീടങ്ങളെ തുരത്താൻ സ്യൂഡോമോണോസ് , വേപ്പെണ്ണ ലായനി, കെണികൾ എന്നീ ജൈവ മാർഗങ്ങളാണ് സാധാരണയായി സ്വീകരിക്കുക. വർഷം മുഴുവൻ പച്ചക്കറി ലഭിക്കുക എന്ന ലക്ഷ്യത്തോടെ പത്ത് ഇനം പച്ചക്കറികൾ പല സമയത്തായാണ് കൃഷി ചെയ്യുന്നത്. വെണ്ട,  പച്ചമുളക്, വഴുതന, പടവലം, പാവൽ, പീച്ചിൽ വെള്ളരി, കുമ്പളം, തക്കാളി, ചീര, മത്തൻ തുടങ്ങി എല്ലാം ജോസ് സ്റ്റീഫന്റെ കൃഷിയിടത്തിൽ ഇടതടവില്ലാതെ കൃഷി ചെയ്യുന്നു, വിളവെടുക്കുന്നു.

മത്സ്യം വളർത്തലും വളർത്തു പക്ഷികളായ കോഴി, താറാവ്, കാടക്കോഴി തുടങ്ങിയവയുടെ പരിപാലനവും കണ്ണിന് കൗതുകമുണ്ടാക്കുന്നവയാണ്. വിവിധ കുളങ്ങളിലായി വാള, കാരി, രോഹു, കട്ല , ചെമ്പല്ലി, തിലോപ്പി എന്നീ മീനുകളും വളർത്തുന്നു. ഇതിനുപുറമെ പടുതാകുളവുമുണ്ട്. കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായപ്പോഴും കൃഷി ഒരു അഭിനിവേശമായ, passionആയ, ജോസ് സ്റ്റീഫൻ വമ്പിച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന രണ്ടു സെന്റ് പടുതാകുളം ഓൺലൈൻ ക്ലാസുകളിൽ ഇദ്ദേഹത്തിന്റെ പടുതാകുളം പൊതുജന ശ്രദ്ധ നേടിയിട്ടുണ്ട്. കൃഷി വരുമാനമാർഗ്ഗം മാത്രമല്ല മാനസിക ഉല്ലാസം കൂടിയാണെന്ന് ഈ യുവ കർഷകൻ പറയുന്നു.
ഭാര്യ ടിറ്റിജോസ് കൃഷിയിൽ സജീവമാണ്. മക്കൾ ആദിത്ത്, അദ്വൈ.

Exit mobile version