Site icon Ente Koratty

ജൂലൈ 11. കെ.പി.ജോസഫ് മാസ്റ്ററുടെ രണ്ടാം ചരമ വാർഷിക ദിനം-ഓർമ്മകുറിപ്പുകൾ

ഡേവിസ് വല്ലൂരാൻ, തിരുമുടിക്കുന്ന്

ചാലക്കുടിയുടെ, പ്രത്യേകിച്ച്, കൊരട്ടിയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിൽ മറക്കാനാവാത്ത ഒരു വ്യക്തിയാണ് ശ്രീ കെ.പി. ജോസഫ്മാസ്റ്റർ. 2019 ജൂലൈ 11ന് അദ്ദേഹം അന്തരിക്കുമ്പോൾ നിലപാടുകൾക്കു വേണ്ടി നിലകൊണ്ട, സ്വന്തം അഭിപ്രായം ആരുടെ മുൻപിലും അടിയറ വയ്ക്കാത്ത ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനെ നാടിന് നഷ്ടപ്പെടുകയായിരുന്നു.

രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതു മുതൽ മരണംവരെ ഒരു കേരളകോൺഗ്രസ്കാരനായിരുന്നു ശ്രീ ജോസഫ് മാസ്റ്റർ.
1964ൽ കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവ് ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ യശ്ശശരീരനായ പി.ടി.ചാക്കോയുടെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ് ഉണ്ടാവുകയും അദ്ദേഹത്തിൻ്റെ മരണത്തോടെ കോൺഗ്രസിൽ നിന്ന് ശ്രീ കെ.എം. ജോർജിൻ്റെ നേതൃത്വത്തിൽ ഈ ഗ്രൂപ്പ് വിട്ടുപോന്ന് കേരള കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തു. കേരള കോൺഗ്രസ് സ്ഥാപിതമായപ്പോൾ ശ്രീ ആർ. ബാലകൃഷ്ണപ്പിള്ളയായിരുന്നു കെ.എം.ജോർജിനോടൊപ്പം നിന്നവരിൽ പ്രമുഖൻ. തുടർന്ന് ശ്രീ കെ.എം.മാണി, പി.ജെ.ജോസഫ് തുടങ്ങിയവർ കൂടിചേർന്ന് കേരളാകോൺഗ്രസ്സ് ശക്തിപ്പെടുത്തി. 1976 ഡിസംബറിൽ ശ്രീ കെ.എം. ജോർജ് അന്തരിച്ചു.

1977 ൽ നേതൃ തർക്കത്തെ തുടർന്ന് ശ്രീ ആർ. ബാലകൃഷ്ണപ്പിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. ശ്രീ കെ.എം.മാണി, ശ്രീ പി.ജെ.ജോസഫ് തുടങ്ങിയവർ കേരള കോൺഗ്രസിൽ തുടർന്നു. എന്നാൽ1979ൽ ശ്രീ പി.ജെ.ജോസഫുമായുള്ള നേതൃ തർക്കത്തെ തുടർന്ന് ശ്രീ കെ.എം മാണി കേരള കോൺഗ്രസ് (എം) രൂപീകരിച്ചു. പിന്നീട് പിളർപ്പുകളെ തുടർന്ന് വിവിധ കേരള കോൺഗ്രസുകൾ ഉണ്ടായെങ്കിലും എക്കാലവും ശ്രീ മാണി സാറിൻ്റെ  അനുയായിയായിരുന്ന ജോസഫ് മാസ്റ്റർ മരണം വരെ മാണി ഗ്രൂപ്പിൽ തുടർന്നു.

ജോസഫ് മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. എനിക്ക് അന്ന് 10 വയസ്. തിരുമുടിക്കുന്നിൽ കേരളാ കോൺഗ്രസ് വളർത്തുന്നതിനായി 1966 ൽ എൻ്റെ തറവാട്ടിൽ (അപ്പൂപ്പൻ വല്ലൂരാൻ ദേവസിയുടെ വീട്ടിൽ) .

ശ്രീ പി.കെ.ഇട്ടൂപ്പ് വക്കീൽ വരുന്നു. തൊട്ട് പടിഞ്ഞാറെ വീട്ടിലെ കണ്ടംകുളത്തി പൊറിഞ്ചു മാസ്റ്ററുടെ വീട്ടിൽനിന്ന് മാസ്റ്ററുടെ മൂത്ത മകനായ യുവാവായ ജോസഫിനെ (ജോസഫ് മാസ്റ്ററെ ) വിളിക്കുന്നു. കേരള കോൺഗ്രസ് സംഘടിപ്പിക്കാനുള്ള ചുമതല ഏൽപ്പിക്കുന്നു. അങ്ങനെ കേരള കോൺഗ്രസ് തിരുമുടിക്കുന്നിൽ തുടങ്ങുന്നു.

ചാലക്കുടിയിലെ പാർട്ടി പ്രമുഖൻ ആയിരുന്ന ശ്രീ. പി. കെ. ഇട്ടൂപ്പ് വക്കീലിനൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച യുവനേതാവ്. അക്കാലത്ത് ജില്ലയിലങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് വേദികളിൽ ഓടിനടന്ന് പ്രസംഗിച്ചിരുന്ന തീപ്പൊരി പ്രാസംഗികൻ.  ആശയപരമായി യോജിപ്പുള്ള മാണിസാറിനൊപ്പം തൻ്റെ മരണം വരെ നിന്ന ആദർശധീരൻ.

തിരുമുടിക്കുന്നിന്റെ ചിരകാലസ്വപ്നമായിരുന്ന ഹൈസ്കൂൾ യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാൾ. സ്വന്തം കീശയിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തുപോയി നടത്തിക്കൊടുത്തിരുന്നയാൾ. ഇത്തരത്തിൽ ജോസഫ് മാഷിന് വിശേഷണങ്ങളേറെ.

തിരുമുടിക്കുന്ന് പി.എസ്. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായിരുന്നു അദ്ദേഹം. അവസാന കാലങ്ങളിൽ മാഷ് എവിടേയും സജ്ജീവമായിരുന്നില്ല. മാണിസാർ പിന്നീട് എന്നും അധികാരത്തിൽ ഉണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ ഇടനാഴികളിലെവിടേയും മാഷെ കണ്ടില്ല. ചുരുങ്ങിയ കാലം കൊരട്ടിപഞ്ചായത്തിൽ വാർഡ് മെമ്പറായിരുന്നതൊഴിച്ചാൽ അധികാരരാഷ്ട്രീയത്തിൽ മാഷുണ്ടായിരുന്നില്ല, ഒരുകാലത്തും.

ജോസഫ്മാഷിന്റെ വേർപാട് ചാലക്കുടിയുടെ, പ്രത്യേകിച്ച്,  കൊരട്ടിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് ഒരു കാലഘട്ടത്തിന്റെ പോരാട്ടസ്മരണകളാണ്.

ശ്രീ ജോസഫ് മാസ്റ്ററുടെ ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

Exit mobile version