കൊരട്ടി: നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മനസ്സ് സർഗ്ഗോത്സവത്തിന് തുടക്കമായി. കോവിഡ് കാലത്ത് വിദ്യാർത്ഥികളിലെ മാനസിക സംഘർഷം കുറയ്ക്കുന്നതിനും കലാ-സാഹിത്യ അഭിരുചികൾ വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് മനസ്സ് സർഗ്ഗോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
വീടുകളിലിരുന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് ഈ സർഗ്ഗോത്സവത്തിൽ പങ്കെടുക്കാനാവും എന്നുള്ളത് ഈ കലാ സാഹിത്യമേളയുടെ മാറ്റുകൂട്ടുന്നു. തൃശൂർ ജില്ലയുടെ കീഴിൽ വിവിധ ക്ലസ്റ്ററുകളിലായി മനസ്സ് സർഗ്ഗോത്സവം ഇപ്പോൾ പുരോഗമിക്കുകയാണ്. ക്ലസ്റ്റർതല വിജയികൾക്ക് ജില്ലാതലത്തിലും ജില്ലാതല വിജയികൾക്ക് സംസ്ഥാന തലത്തിലും പങ്കെടുക്കാനാവും.
മാള ക്ലസ്റ്ററിലെ മനസ്സ് സർഗ്ഗോത്സവം കഴിഞ്ഞ ദിവസം പൂർത്തിയായി. ആകെ നടന്ന 25 മത്സരങ്ങളിൽ എട്ടിനങ്ങളിൽ ഒന്നാമതെത്തിക്കൊണ്ട് തിരുമുടിക്കുന്ന് പി എസ് ഹയർ സെക്കണ്ടറി സ്കൂൾ മാള ക്ലസ്റ്ററിൽ ഒന്നാമതെത്തി.
അഞ്ച് ഇനങ്ങളിൽ ഒന്നാമതെത്തിയ കൊരട്ടി എൽ എഫ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാമതും, നാല് ഇനങ്ങളിൽ ഒന്നാമതെത്തിയ പൊയ്യ എ കെ എം ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി. കൊരട്ടി എം എ എം എച്ച് എസ് എസ്, മാള സൊർക്കാസോ എച്ച് എസ് എസ്, കുഴിക്കാട്ടുശ്ശേരി സെൻ്റ് മേരീസ് എച്ച് എസ് എസ് എന്നിവ രണ്ടു ഒന്നാം സ്ഥാനങ്ങൾ നേടി. മേലൂർ സെൻ്റ് ജോസഫ്സ് എച്ച് എസ് എസിനും മാമ്പ്ര യൂണിയൻ എച്ച് എസ് എസിനും ഓരോ ഒന്നാം സ്ഥാനവും ലഭിച്ചു. വിജയികളെ മാള ക്ലസ്റ്റർ പി എ സി മെമ്പർ സി.ഡി. ജിന്നി അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.