കൊരട്ടി.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഈ മാസം 30 വരെ പഞ്ചായത്ത് അതിർത്തിയിൽ എല്ലാ തരത്തിലുള്ള രാഷ്ട്രീയ-സാംസ്കാരിക പൊതുപരിപാടികൾ, ജാഥകൾ, പൊതുയോഗങ്ങൾ നിർത്തിവക്കാൻ പഞ്ചായത്ത്തല സംയുക്ത രാഷ്ട്രീയ പാർട്ടികളുടെയും, മതനേതാക്കളുടെയും യോഗത്തിൽ തീരുമാനിച്ചു.
കൊരട്ടി പഞ്ചായത്ത് അതിർത്തിയിൽ കോവിഡ് പോസറ്റീവ് നിരക്കും, ടെസ്റ്റ് പോസറ്റീവിറ്റി നിരക്കും കൂടുന്ന സാഹചര്യത്തിൽ ആണ് ഈ തിരുമാനത്തിൽ യോഗം എത്തിചേർന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു അധ്യഷത വഹിച്ചു. മരണം, വിവാഹം ഒഴികെ മറ്റ് എല്ലാ ചടങ്ങുകളിലും പരമാവധി ആളുകളെ കൂട്ടിയുള്ള പരിപാടികൾ ഒഴിവാക്കാൻ ക്രൈസ്ത- ഹൈന്ദവ-മുസ്ലിം മത മേധാവികളും, ഭാരാവാഹികളും പൊതു നിർദ്ദേശം നൽകാം എന്നും പരമാവധി പാക്കറ്റ് ഭക്ഷണം നൽകാൻ നിർദേശിക്കുമെന്നും യോഗത്തിൽ തീരമാനമായി. പഞ്ചായത്ത് അതിർത്തിയിൽ ഈ മാസം 30 വരെ പൊതു ഇടങ്ങളിൽ കായിക മത്സരങ്ങൾ, പരിശീലനങ്ങൾ നിർത്തിവക്കാനും ബാങ്കുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ സാനിറ്റൈസർ, തെർമൽ സ്ക്കാനർ, രജിസ്റ്റർ ബുക്ക് എന്നിവ നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു.
മഴക്കാലപൂർവ്വ രോഗങ്ങൾ നിയന്ത്രിക്കാൻ ഏപ്രിൽ 25 ഞായർ മുതൽ തുടർച്ചയായി 5 ഞായറാഴ്ചകൾ ഡ്രൈഡേ ആയി ആചരിക്കാനും യോഗം ആഹ്വാനം ചെയ്തു.യോഗത്തിൽ കൊരട്ടി സബ് ഇൻസ്പെക്ടർ സി.കെ.സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ.സിജി പോൾ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, സ്ഥിരം സമതി ചെയർമാൻമാരായ അഡ്വ.കെ.ആർ.സുമേഷ്, നൈനു റിച്ചു, കൊരട്ടി ഫൊറോന വികാരി ഫാ.ജോസ് ഇടശ്ശേരി, ചിറങ്ങര ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് കെ.കൃഷ്ണൻ, കൊരട്ടി ഹൈവേ ജുമ്മാ മസ്ജിദ് മഹൽ പ്രസിഡൻ്റ് എം.ഒ.അസീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ജെ.ബെന്നി, എം.എ.രാമകൃഷ്ണൻ, ടി.വി.രാമകൃഷ്ണൻ, കെ.എ.സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എ.വി.സബിയ എന്നിവർ പ്രസംഗിച്ചു.