Site icon Ente Koratty

ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയുടെ മുഖഛായ മാറുന്നു

കൊരട്ടി: തിരുമുടിക്കുന്ന് സര്‍ക്കാര്‍ ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി വന്‍വികസനക്കുതിപ്പിന് സാക്ഷ്യമാകുന്നു. ആശുപത്രിയില്‍ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് ഹ്യുമണ്‍ റിസോഴ്സ് പരിശീലനകേന്ദ്രം 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനവും 17 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ ഇന്‍പേഷ്യന്‍റ്സ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും രണ്ടരകോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന റിസോഴ്സ് സെന്‍ററിന് അക്കൊമഡേഷന്‍ ബ്ലോക്കിന്‍റെ ശിലാസ്ഥാപനവും കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. ആശുപത്രി കൂംബ്സ് ഹാളില്‍ എം.എല്‍.എ. ബി.ഡി. ദേവസ്സിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ചാലക്കുടി എം.പി. ബെന്നിബഹനാന്‍ മുഖ്യഅതിഥിയായിരുന്നു.

യോഗത്തില്‍ കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.കെ.ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവീസ്മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീശന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ലീലസുബ്രഹ്മണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ടരുമഠത്തില്‍, ഡോ. ടി.കെ. ജയന്തി, നൈനു റിച്ചു, അഡ്വ. കെ.ആര്‍. സുമേഷ്, സിന്ധുരവി, തിരുമുടിക്കുന്ന് പള്ളി വികാരി ഫാ.ജോസ് ചോലിക്കര, വാര്‍ഡ് മെമ്പര്‍ ലിജൊജോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വി.എ. ലത യോഗത്തിന് നന്ദി പറഞ്ഞു.

ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും ആശുപത്രി കോമ്പൗണ്ടിനകത്തെ റോഡിന്‍റെ ടാറിങ്ങിനായി പത്തുലക്ഷം രൂപ ചിലവഴിച്ച് ഉടന്‍ പണികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. ആശുപത്രിയുടെ പുതിയ ഔട്ട്പേഷ്യന്‍റ് ബ്ലോക്ക് കെട്ടിടത്തിന് സംസ്ഥാന ബജറ്റിൽ 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി വികസനത്തിന്‍റെ പാതയിലാണ്.

Exit mobile version