Site icon Ente Koratty

പുളിയനം പൗലോസ്- അഭിനയം അനുഭവിക്കുന്ന നടന്‍- റിയലിസ്റ്റിക് അഭിനേതാവ്

ഡേവീസ് വല്ലൂരാന്‍

കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള നരേന്ദ്രപ്രസാദ് നാടക പഠന കേന്ദ്രത്തിൻ്റെ അഭിനയ പുരസ്കാരം, കോണ്ടസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പുളിയനം പൗലോസിനെ അമ്പലപ്പുഴ ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ആദരിക്കുന്നു. അമ്പലപ്പുഴ ടൗണ്‍ഹാളില്‍ 2021 ഫെബ്രുവരി 10ന് രാവിലെ 10ന്  സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം പൊതുമരാമത്ത്- രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ തുടങ്ങി രാഷട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

മലയാള അഭിനയരംഗത്തെ റിയലിസ്റ്റിക് നടന്മാരില്‍ പ്രമുഖനാണ് ശ്രീ പുളിയനം പൗലോസ്. നടൻ, സംവിധായകൻ, നാടകകൃത്ത്, സംഘാടകൻ തുടങ്ങി അരങ്ങത്തും അണിയറയിലും നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച പുളിയനം പൗലോസ്, അങ്കമാലി പൗർണ്ണമി എന്നപേരിൽ രൂപംകൊടുത്ത നാടകട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് വരുന്നത്.

ശരറാന്തൽ, അഭിമുഖം, അരക്കില്ലം, തീർത്ഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറിസ്റ്റ് ഹോം, ഏകലവ്യൻ, സൂര്യദേശം, വഴിവിളക്ക്, മണിക്കിരീടം, എന്നീ നാടകങ്ങൾ പൗർണ്ണമിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു. ശരറാന്തലിലെ ഡോ. ജയന്‍, ഏകലവ്യനിലെ ദ്രോണാചാര്യര്‍, കൊടിമരത്തിലെ സുല്‍ത്താന്‍, മണിക്കിരീടത്തിലെ ആനക്കാരന്‍ എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങള്‍. കൊടിമരം മുതല്‍ പൗര്‍ണ്ണമിയുടെ എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് ശ്രീ പൗലോസാണ്. പൊന്‍കുന്നം വര്‍ക്കി, എ.എന്‍ ഗണേഷ്, ശ്രീമൂലനഗരം മോഹന്‍, അഡ്വ. മണിലാല്‍, ബാബു പള്ളാശ്ശേരി, ജോണ്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഗ്ഗീസ് കാട്ടിപറമ്പന്‍, എന്‍.എഫ്.വര്‍ഗ്ഗീസ്, എം.കെ. വാര്യര്‍, ടി.എം.അബ്രഹാം, ജി.എ.ജോസ്, ജോര്‍ജ്ജ് വട്ടോലി, ജോസ് അമ്പൂക്കന്‍, കാഞ്ഞൂര്‍ മത്തായി തുടങ്ങിയവരുമായി വേദി പങ്കിട്ടിട്ടുണ്ട്.

സിനിമ – സീരിയൽ രംഗത്തും അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബ്ലെസി സംവിധാനംചെയ്ത കാഴ്ച, ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകം, തട്ടുംപുറത്ത് അച്ചുതൻ, സത്യൻ അന്തിക്കാടിൻ്റെ വിനോദയാത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കലാരംഗത്ത് നാൽപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട പുളിയനം പൗലോസ് വിശ്രമമില്ലാതെ അഭിനയം തുടരുകയാണ്. ഭാര്യ സുശീല. മക്കൾ സുമി, സുധി, സുജി. 

അഭിനയരംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയ  ശ്രീ പുളിയനം പൗലോസിനെ ഇനിയും അംഗീകാരങ്ങള്‍ തേടിയെത്തട്ടെയെന്ന് ആശംസിക്കുന്നു. 

Exit mobile version