5 പ്രധാന പദ്ധതികൾ ആണ് ഗ്രീൻ കൊരട്ടിയുടെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുള്ളത്. സമ്പൂർണ്ണ മാലിന്യം നീക്കൽ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ്, വ്യാപാരി -വ്യാവസായി അംഗങ്ങൾ, റെസിഡെൻസ് അസ്സോസിയേഷൻ, വിദ്യാലയങ്ങൾ, എസ്.പി.സി-എൻ.എസ്.എസ് അംഗങ്ങൾ, ഹരിത കർമ്മ സേന ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, യുവജന സംഘടനകൾ എന്നിവയെല്ലാം യോജിപ്പിച്ചുകൊണ്ട് രണ്ട് ആഴ്ച കാലം പഞ്ചായത്തിലെ 10000 ത്തോളം വരുന്ന വീടുകൾ, സ്ഥാപനങ്ങളിൽ ഉള്ള പ്ലാസ്റ്റിക്ക് വേസ്റ്റുകൾ, ഇലക്ട്രോണിക്സ് വേസ്റ്റുകൾ, പേപ്പർ, പ്രസിദ്ധികരണങ്ങൾ, ഇരുമ്പ് ആക്രികൾ ശേഖരിക്കുകയും അത് വേർതിരിച്ച് ഗ്രീൻ കേരള, എർത്ത് കെയർ സ്ഥാപനങ്ങളും ആയി ബന്ധപ്പെട്ട് നിർമ്മാർജ്ജനം ചെയ്യുക എന്നതാണ് ആദ്യഘട്ടം.
തുടർന്ന് ഹരിത കർമ്മസേന അംഗങ്ങൾ മാസം രണ്ട് തവണ വീടുകളിൽ വന്ന് പ്ലാസ്റ്റിക്ക് വേസ്റ്റുകൾ ശേഖരിക്കുകയും പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ള പ്ലാസ്റ്റിക്ക് ഡ്രെയർ യൂണിറ്റിൽ അത് പെല്ലറ്റ് ആക്കി മാറ്റി റോഡ് നിർമ്മാണത്തിന് അടക്കം ഉപയുക്തമാക്കുക എന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.
തുടർന്ന് ഈ ആക്രി വസ്തുക്കളുടെ വിൽപനയിലൂടെ ലഭിക്കുന്ന പണം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനത്തിനും, ഒപ്പം മാരകരോഗങ്ങൾ ബാധിച്ച രോഗികളെ 2 മാസത്തിൽ ഒരിക്കൽ ഒരു ദിവസം നീണ്ട് നിൽക്കുന്ന വിനോദയാത്ര, നമ്മുടെ പൊതുവഴികളിൽ നിൽക്കുന്ന കാടുകൾ വെട്ടിതെളിച്ച് വൃത്തിയാക്കുക എന്നി മാതൃക പദ്ധതികൾക്ക് കെയർ കൊരട്ടി പദ്ധതി വിഭാവനം ചെയ്യുന്നു.
2) ബോട്ടിൽ ബൂത്തുകൾ- ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ തുടർഘട്ടം പാതയോരങ്ങളിൽ പൊതു സ്ഥലങ്ങളിൽ പഴയ എസ്.ടി.ഡി ബൂത്ത് മാതൃകയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുക എന്നതാണ്. ദേശീയപാതയും, സംസ്ഥാന പാതകളും ഏറെയുള്ള നമ്മുടെ പഞ്ചായത്തിൻ്റെ പൊതുവഴികളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ, ചില്ല് കുപ്പികൾ നിക്ഷേപിക്കാവുന്ന വിധത്തിൽ 30 കേന്ദ്രങ്ങളിൽ നിശ്ചിത മാതൃകയിൽ ഉള്ള ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും
3) ഓർമ്മ മരം – പഞ്ചായത്തിൽ ഇനി മുതൽ പണിയാൻ ആരംഭിക്കുന്ന 1300 സ്ക്വായർ ഫീറ്റിന് മുകളിൽ 5 സെൻ്റ് കൂടുതൽ ഉള്ള നിർമ്മാണ പ്രവർത്തനത്തിന് അനുമതിക്ക് ഒപ്പം 3 മുതൽ 5 വരെയുള്ള ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ നിർബന്ധമായും നടുകയും, നമ്പർ ഇടുന്ന അപേക്ഷക്ക് ഒപ്പം ഈ നട്ട മരങ്ങളുടെ വളർച്ചയുടെ ഫോട്ടോയും നൽകിയാൽ മാത്രമെ നമ്പർ ഇട്ട് നൽകുന്ന പദ്ധതി ഗ്രീൻ കൊരട്ടി- കെയർ കൊരട്ടി പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. ഈ തൈകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന നഴ്സറികൾ, സോഷ്യൽ ഫോറസ്റ്റ് വകുപ്പ് എന്നിവടങ്ങളിൽ നിന്ന് പഞ്ചായത്ത് സൗജന്യമായി ലഭ്യമാക്കും. ഈ മരങ്ങൾ വളരുന്നുണ്ടോ, പരിപാലിക്കുന്നുണ്ടോ എന്ന് ഹരിതകർമ്മ സേന നിരീക്ഷിച്ച് കൊണ്ടിരിക്കും എന്നതും പ്രത്യേകതയാണ്.
4) സ്നേഹ മരം – പഞ്ചായത്തിനെ ഹരിതാഭമാക്കുകയും, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വാത്തിൻ്റെ പാഠം സമൂഹത്തിന് നൽകാൻ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന ഒന്നാണ് സ്നേഹമരം. ഇനി മുതൽ പഞ്ചായത്തിൽ ജനിക്കുന്ന ഒരോ നവജാത ശിശുവിനൊപ്പം ആ വിട്ടുമുറ്റത്ത് ഒരു മരം ഒപ്പം നടുകയും അത് പരിപാലിക്കുകയും ചെയ്യുന്ന മാതൃക പദ്ധതിയാണ് സ്നേഹ മരം. കുഞ്ഞ് ജനിച്ച ഉടനെ ആശ വർക്കർമാർ വഴി തൈ സൗജന്യമായി നൽകുകയും അവർ അത് നിരീക്ഷിക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ് സ്നേഹ മരം പദ്ധതിക്ക് ഗ്രീൻ കൊരട്ടിയിലുള്ള സ്ഥാനം.
5) സാരി തരൂ.. സഞ്ചി തരാം.- പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പൂർണ്ണമായും ഒഴിവാക്കുന്നതിൻ്റെ ഭാഗമായി വീടുകളിലെ അലമാരകളിൽ ഉപയോഗശൂന്യമായി ഇരിക്കുന്ന സാരികൾ കുടുംബശ്രീ പ്രവർത്തകർ വഴി വീടുകളിൽ കയറി ശേഖരിക്കുകയും അതുപയോഗിച്ച് പഞ്ചായത്തിലെ വീടുകളിലേക്ക് സഞ്ചി പഞ്ചായത്ത് വഴി ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഗ്രീൻ കൊരട്ടിയിൽ സാരി തരൂ.. സഞ്ചി തരാം എന്ന പദ്ധതി. ഇങ്ങനെ മാലിന്യ നിർമ്മാർജ്ജന രംഗത്തും, കൊരട്ടിയെ ഹരിതാഭമാക്കുകയും ചെയ്യുന്ന ഗ്രീൻ കൊരട്ടി- കെയർ കൊരട്ടി പദ്ധതിയെ എല്ലാവരും ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് P.C.ബിജു വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.