Site icon Ente Koratty

ഇരട്ടച്ചിറ – പെരുമ്പി തോട് ബണ്ട്കെട്ടി സംരക്ഷിക്കണം

എത്രയും പെട്ടെന്ന് ബന്ധപെട്ട അധികാരികൾ നടപടി എടുക്കണമെന്നു അഭ്യർത്ഥിക്കുന്നു..

കൊരട്ടി: കൊരട്ടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിന്‍റ തെക്കെ അറ്റത്തുകൂടി ഒഴുകുന്ന ഇരട്ടച്ചിറ- പെരുമ്പി തോട് വര്‍ഷക്കാലത്ത് കരകവിഞ്ഞ് ഒഴുകുന്നതുമൂലം വന്‍ കൃഷി നാശമുണ്ടാകുന്നു. തോടിന്‍റെ ആരംഭ ഭാഗത്ത് ഹൈറാര്‍ക്കി റോഡിന്‍റെ (വാലുങ്ങാമുറി- തിരുമുടിക്കുന്ന് റോഡ്) പാലം വരെ ഇരുവശവും കരിങ്കല്‍ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും പാലം മുതല്‍ താഴോട്ടാണ് വെള്ളം കരകവിഞ്ഞ് ഒഴുകുന്നത്.

കഴിഞ്ഞ രണ്ടു പ്രളയകാലത്തും വെള്ളം കരകവിഞ്ഞ് ഒഴുകി കൃഷി നശിച്ചതുമൂലം കൃഷിക്കാര്‍ക്ക് വന്‍ നാശനഷ്ടമുണ്ടാവുകയും, ബണ്ട് നശിച്ചതുമൂലം പിന്നീട് എല്ലാ വര്‍ഷക്കാലത്തും വെള്ളം കരകവിഞ്ഞ് ഒഴുകുകയുമാണ്. അതുകൊണ്ടുതന്നെ കൃഷി നശിക്കുന്നു. തോടിന്‍റെ വിവിധ ഭാഗങ്ങളില്‍ കയറുകൊണ്ട് ബണ്ട് ശരിയാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വര്‍ഷക്കാലത്ത് മഴവെള്ള ഒഴുക്കില്‍ അവയെല്ലാം ഭാഗീകമായി ഒഴുകിപ്പോവുകയാണ്. നിരവധി ആളുകള്‍ കൃഷിആവശ്യത്തിനും മറ്റുമായി ഗതാഗതത്തിന് ആശ്രയിക്കുന്ന ബണ്ടുകുടിയാണിത്. അതുകൊണ്ട് സ്ഥിരമായി ബണ്ട് സംരക്ഷിക്കുവാന്‍ കരിങ്കല്ലുകൊണ്ട് കെട്ടി പുനരുദ്ധരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

മഴവെള്ള ഒഴുക്കില്‍ തോട് ഒലിച്ചുപോയിടത്ത് നാട്ടുകാര്‍ താല്‍ക്കാലികമായി ഇരുമ്പ് ഷീറ്റ്കൊണ്ട് ബണ്ട് ഒലിച്ചുപോകാതെ തടഞ്ഞിരിക്കുന്നത് കാണാം. അതുകൊണ്ട്, വെള്ളപ്പൊക്കം കൊണ്ടുള്ള കൃഷിനാശം ഒഴിവാക്കാന്‍ ശാശ്വത പരിഹാരമായി കരിങ്കല്‍ ഭിത്തികെട്ടി ഇരട്ടച്ചിറ – പെരുമ്പി തോട് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Exit mobile version