Site icon Ente Koratty

തെരഞ്ഞെടുപ്പ് `പഞ്ച ഗുസ്തി’ മത്സരം കൊരട്ടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ !

കൊരട്ടി : ഇടത്- വലത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ ഒരേ കെട്ടിടത്തിലാണെങ്കിലും അഞ്ച് പേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് മത്സരത്തിന്‍റെ വീറും വാശിയും കാണണമെങ്കില്‍ തിരുമുടിക്കുന്നിലെ സ്രാമ്പിക്കല്‍ എട്ടാം വാര്‍ഡില്‍ വരണം. മികച്ച ഭൂരിപക്ഷത്തോടുകൂടി പരമ്പരാഗതമായി യു.ഡി.എഫി.നോട് ആഭിമുഖ്യം പുലര്‍ത്തുന്ന കൊരട്ടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ ഒന്നാണ് സ്രാമ്പിക്കല്‍ എട്ടാം വാര്‍ഡ്. യു.ഡി.എഫ്., എല്‍.ഡി.എഫ്, ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ കോണ്‍ഗ്രസില്‍ രണ്ട് വിമത സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. 

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത് ബിജോയ് പെരേപ്പാടനാണ്. ജനകീയ പ്രശ്നങ്ങളില്‍ വളരെ പെട്ടെന്ന് ഇടപെടുന്ന യുവജന നേതാവാണ് ബിജോയ് പെരേപ്പാടന്‍.

തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പുലര്‍ത്തുന്ന ഏകോപന മികവും വലതുപാളയത്തിലുള്ള തമ്മിലടിയും വിമത സ്ഥാനാര്‍ത്ഥികളുടെ രംഗപ്രവേശനവും വിധിയെഴുത്ത് തനിക്കനുകൂലമാക്കുമെന്ന വിലയിരുത്തലാണ് മെഴുകുതിരി ചിഹ്നത്തില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷാജുമോന്‍ വേഴപ്പറമ്പനുള്ളത്. ഓട്ടോറിക്ഷ തൊഴിലാളിയായ ഇദ്ദേഹത്തിന്‍റെ സാമൂഹ്യ, സാംസ്കാരിക സംഘടനയിലുണ്ടായ പ്രവര്‍ത്തനങ്ങളും വിജയത്തിന് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

സമഗ്ര വികസനത്തിന് നാടിനൊപ്പം എന്ന മുദ്രാവാക്യവുമായി ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുന്തിരി ചിഹ്നത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതന്‍ ടി.വി. പൗലോസ് ഇന്ത്യന്‍ സേനയിലെ റിട്ട. അസിസ്റ്റന്‍റ് കമാന്‍ഡന്‍റും രാഷ്ട്രപതി അവാര്‍ഡ് ജേതാവുമാണ്. കാര്യപ്രാപ്തിയും നാടിനോടുള്ള കൂറും മനസ്സില്‍ സൂക്ഷിക്കുന്ന ഇദ്ദേഹം യു.ഡി.എഫ്. സീറ്റ് നല്‍കുമെന്ന വിശ്വാസത്തിലുമായിരുന്നു. കോണ്‍ഗ്രസ് എട്ടാം  വാര്‍ഡ് പ്രസിഡന്‍റായ ഇദ്ദേഹത്തിന്‍റെ പേര് അവസാന നിമിഷം വരെ പരിഗണനയിലായിരുന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം വെട്ടിയതിലുള്ള പരസ്യപ്രതിഷേധമാണ് ഇദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം.

ജനവിധി തേടുന്ന മറ്റൊരു കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയാണ് ജോസ് മൈനാട്ടിപറമ്പില്‍. കുട ചിഹ്നത്തില്‍ ജനവിധി തേടുന്നു. 2010- 15ല്‍ കൊരട്ടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന ഇദ്ദേഹം ഒരു കര്‍ഷകന്‍ കൂടിയാണ്. ജനപ്രതിനിധിയായിരുന്ന കാലത്ത് വാര്‍ഡില്‍ കൊണ്ടുവന്ന വികസനങ്ങള്‍ വോട്ടര്‍മാരോട് എണ്ണിയെണ്ണി പറഞ്ഞും മനസ്സില്‍ കാണുന്ന വികസന കാഴ്ചപ്പാട് ജനങ്ങളോട് പങ്കുവച്ചും വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 

പഴുതുകളടച്ച് നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ എതിര്‍ സ്ഥാനാര്‍ത്ഥികളായ നാലുപേരേയും തോല്പിച്ച് വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് താമര ചിഹ്നത്തില്‍ ജനഹിതം തേടുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി രാജീവ് പടിയത്തിനുള്ളത്.

അഞ്ചുപേര്‍ മത്സരിക്കുന്ന എട്ടാം വാര്‍ഡില്‍ പഞ്ചഗുസ്തി മത്സരത്തിന്‍റെ വീറും വാശിയുമാണ്. തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍ ഗോദായിലിറങ്ങിയ തിരുമുടിക്കുന്ന് സ്രാമ്പിക്കല്‍ എട്ടാം വാര്‍ഡ് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

Exit mobile version