Site icon Ente Koratty

മാസ്ക് ബാങ്ക് ഉദ്ഘാടനം ചെയ്തു

കൊരട്ടി: വിദ്യാലയങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം ഈ മാസം ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി തിരുമുടിക്കുന്ന് പി. എസ്. ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ‘മാസ്ക് ബാങ്ക് ‘ പ്രവർത്തനം തുടങ്ങി. മാസ്ക് ബാങ്കിൻ്റെ പ്രവർത്തനോദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസ് ചോലിക്കര നിർവഹിച്ചു.

പ്രിൻസിപ്പാൾ ടി.ജെ. സിജോ, തിരുമുടിക്കുന്ന് പള്ളി അസിസ്റ്റൻറ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ, പ്രോഗ്രാം ഓഫീസർ ജോസ് മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യയനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് മാസ്ക് ബാങ്കിലൂടെ വിദ്യാലയത്തിൽ നടപ്പിലാവുന്നത്.

വിദ്യാലയത്തിലെ ഒന്നാം വർഷ എൻ. എസ്. എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് മാസ്ക് ബാങ്ക് ഇവിടെ പ്രവർത്തനം ആരംഭിക്കുന്നത്. ഈ കോവിഡ് കാലത്ത്, 1300 മാസ്കുകൾ തയ്യാറാക്കി, ജില്ലാ നേതൃത്വത്തെ ഏൽപ്പിച്ചതടക്കമുള്ള വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ എല്ലാ പ്രവർത്തനങ്ങളേയും മാനേജര്‍ ഫാ. ജോസ് ചോലിക്കര അഭിനന്ദിച്ചു.

Exit mobile version