കാടുകുറ്റി. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കാടുകുറ്റി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ചെറാലകുന്ന് പട്ടികജാതി കോളനിയിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിന്ന 46 പട്ടികജാതി കുടുംബങ്ങൾക്കാണ് കുടിവെള്ളം വീട്ടുമുറ്റത്ത് എത്തിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് തോമാസ് ഐ.കണ്ണത്ത് അധ്യക്ഷത വഹിച്ചു.
10000 ലിറ്റർ വാട്ടർ ടാങ്ക്, ഭൂഗർഭജല കിണർ, 1 കി.മി. ചുറ്റളവിൽ പൈപ്പ് കണക്ഷൻ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തികരിച്ചത്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.രാജഗോപാൽ, പഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻ എം.ഐ.പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.വിനയൻ, പി.വിമൽകുമാർ, കെ.സജേഷ് എന്നിവർ പ്രസംഗിച്ചു.