കാടുകുറ്റി: ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവഴിച്ച് കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് ഗ്രാമീണ വായനശാലയും, കാതികുടം പനമ്പിള്ളി സ്മാരക വായനശാലയും സമ്പൂർണ്ണ ഡിജിറ്റൽ വായനശാലയായി മാറ്റുന്നു.
വായനശാലകൾക്ക് 3 വീതം കമ്പ്യൂട്ടർ, പ്രിൻറർ, വൈഫൈ സംവിധാനം, പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ആക്കാനുള്ള സാങ്കേതിക സംവിധാനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഡിജിറ്റൽ സാമഗ്രികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് തോമാസ്.ഐ കണ്ണത്ത് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളി തോമാസ്, പഞ്ചായത്ത് അംഗങ്ങളായ പി.വിമൽകുമാർ, കെ.കെ.വിനയൻ, ജില്ലാ ഗ്രന്ഥശാല സംഘം വൈസ് പ്രസിഡൻ്റ് കെ.എൻ.ഭരതൻ, ഗിരിജ ഉണ്ണി, പഞ്ചായത്ത് സെക്രട്ടറി ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു.
ഈ പദ്ധതിക്ക് തുടർച്ചയായി ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപ ചിലവഴിച്ച് അന്നനാട് ഗ്രാമീണ വായനശാലയിൽ മിനി തിയ്യറ്ററും, കാതികുടം വായനശാലയിൽ 10 ലക്ഷം രൂപയുടെ വനിതാ മന്ദിരത്തിൻ്റെ നിർമ്മാണവും അവസാന ഘട്ടത്തിൽ ആണ് .