Site icon Ente Koratty

വിശക്കുന്നവൻ്റെ ഹൃദയമിടിപ്പുകൾക്ക് നാടിൻ്റെ സ്നേഹവും കരുതലും

കൊരട്ടി: വിശക്കുന്നവൻ്റെ ഹൃദയമിടിപ്പിന് പങ്കുവയ്ക്കലിൻ്റെ മഹത്വത്തിലൂടെ സ്നേഹവും കരുതലുമൊരുക്കുകയാണ് കൊരട്ടിയിലെ സുമനസുകൾ. ഒട്ടിയ വയറുകൾക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കാൻ കൊരട്ടി ദേശീയപാത സിഗ്നൽ ജംഗ്ഷന് സമീപം ഇതിനായി ‘പാഥേയം’ എന്ന് നാമകരണം ചെയ്ത പുതിയ കേന്ദ്രമൊരുങ്ങുന്നു. പ്രത്യേകം സജ്ജമാക്കിയ ഷെൽഫിൽ
ആർക്കു വേണമെങ്കിലും പൊതിച്ചോറും ഇട നേരത്തെ ഭക്ഷ്യവസ്തുക്കളും കൊണ്ടു വയ്ക്കാം, ആർക്കു വേണമെങ്കിലും അതിൽ നിന്നെടുത്ത് വിശപ്പകറ്റാം.

വിശപ്പ് രഹിത ഗ്രാമമെന്ന സ്വപ്നത്തിന് മാനവികതയുടെ മുഖം നൽകാൻ കൊരട്ടിയിലെ ജനമൈത്രി പോലീസിൻ്റെയും വിവിധ സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും പിൻബലമുണ്ട്. പ്രളയകാലവും കോവിഡ് നാളുകളും നാടിനേൽപ്പിച്ച ആഘാതങ്ങളുടെയും കഷ്ടപ്പാടുകളുടെയും തീവ്രതയിൽ നിന്നും അയൽപക്കത്ത് പട്ടിണിയുണ്ടെന്നും പുറം ലോകമറിയാതെ വിഷമിക്കുന്നവരേറെയുണ്ടെന്നുമുള്ള ബോധ്യമാണ് ഇത്തരമൊരു നിസ്വാർത്ഥ സേവനത്തിന് ഇവർക്ക് പ്രേരണയായത്.

ഈ സദുദ്യമത്തിന് നാനാതുറകളിലുള്ളവർ പിന്തുണയുമായെത്തുന്നത് സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. നിശബ്ദ സേവനങ്ങളിലൂടെ വിശക്കുന്നവർക്ക് ഭക്ഷണമെത്തിച്ച് നാടറിയാതെ ഊട്ടുന്ന കൊരട്ടിയിലെ ഒരു പറ്റം മനുഷ്യസ്നേഹികളാണ് ഈ സംരംഭത്തിൻ്റെ പിന്നാമ്പുറത്ത്.

കൊരട്ടി ജനമൈത്രി പോലീസിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും കൃത്യമായ മാർഗനിർദേശങ്ങളോടെയും നിരീക്ഷണങ്ങളോടെയുമായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി നാളെ ( ഒക്ടോബർ – 2) രാവിലെ 11ന് ബി.ഡി ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇൻസ്പെക്ടർ എസ് എച്ച് ഒ ബി.കെ അരുണിനു പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുമാരി ബാലനടക്കമുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. ലോക് ഡൗൺ കാലത്ത് ദേശീയപാത കേന്ദ്രീകരിച്ച് പോലീസ് ജനപങ്കാളിത്തത്തോടെ നടത്തിയ പൊതിച്ചോറു വിതരണവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Exit mobile version