കൊരട്ടി. കൊരട്ടി പഞ്ചായത്തിലെ കോനൂർ 4-)0 വാർഡിലെ ഏറെ ചരിത്ര പ്രാധാന്യം ഉള്ള ചൂരകുളത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ ജലരക്ഷ ജീവരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 7.5 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തിൻ്റെ 4 ലക്ഷം രൂപയും ചേർത്ത് മൊത്തം 11.5 ലക്ഷം രൂപ ചെലവഴിച്ചാണ് കൊരട്ടി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുന്നരുദ്ധാരണ പ്രവൃത്തിക്ക് തുടക്കം കുറിക്കുന്നത്.
പായലും ചെളിയും നിറഞ്ഞ് ഏറെ നാശോന്മുഖമായ ചൂരകുളത്തിൻ്റെ പുനരുദ്ധാരണത്തോടെ നാട്ടുകാരുടെ നീണ്ടകാലത്തെ ആവിശ്യങ്ങൾക്കും, പ്രതിഷേധങ്ങൾക്കും ആണ് പരിഹാരമാവുന്നത്.കുളം ആഴത്തിൽ ചെളികോരി പായൽ നീക്കം ചെയ്യുന്നതിന് ഒപ്പം, സൈഡ് കെട്ടൽ, ടൈൽ വിരിയിക്കൽ തുടങ്ങിയ പ്രവൃത്തികൾ പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി ബാലൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സി.വി.ദാമോദരൻ, കെ.കെ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.