കൊരട്ടി : കക്ഷി-രാഷ്ട്രീയ-ജാതി-മത ചിന്തകൾക്കതീതമായി ഒരു ഗ്രാമത്തിലെ യുവാക്കൾ മാസ്കിന്റെ പേരിൽ സംഘടിച്ചപ്പോൾ ഉറവയായത് നന്മജലം.
MASC (Mudapuzha Arts & Sports Club) നേതൃത്വത്തിൽ മുടപുഴ ഗ്രാമത്തിലെ യുവജനങ്ങൾ ഒന്നിച്ചപ്പോൾ വര്ഷങ്ങളായി ചെളി അടിഞ്ഞുകൂടിയതിനാൽ സംഭരണശേഷി പൂർണമായും ഉപയോഗിയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്ന മുടപുഴ ചെക്ക് ഡാമിന് ശാപമോക്ഷം. മുറ്റത്തെ പുല്ല് പറിക്കുന്നതിന് പോലും പഞ്ചായത്ത് ഫണ്ട് ഉണ്ടോ എന്നന്വേഷിയ്ക്കുന്ന കാലത്ത് യുവതയുടെ ആർജവത്തിന്റെ സാക്ഷ്യമായി ഡാം നവീകരണം.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളോ, കേന്ദ്ര -സംസ്ഥാന സർക്കാരുകളോ നവീകരണ ഇടപെടലുകൾ നടത്താതിരുന്നതുകൊണ്ടാണ് പിരിവെടുത്തും, കയ്യിൽ നിന്നെടുത്തും യുവാക്കൾ ജല സേവനത്തിലൂടെ ജന സേവനത്തിനിറങ്ങിയത്.
കൊറോണയുടെ ഭീതിയിൽ ലോകം ആയിരിക്കുമ്പോൾ നാളെയെകുറിച്ചു, നാടിനെകുറിച്ച് ചിന്തയുള്ളവർ മുടപുഴയിൽ ഉണ്ടല്ലോ എന്നോർത്ത് സന്തോഷിക്കാം. യുവജനങ്ങളെ അനുമോദിക്കാൻ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡെന്നിസ് കെ. ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീല സുബ്രമണ്യൻ, T. M. മാത്യു, പൗലോസ് തെക്കിനിയത്, P. K. വര്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
ജിനോ മുടപുഴയുടെ നേതൃത്വത്തിൽ ചെറുപ്പക്കാർ പണികളെകുറിച്ചും, ആവശ്യങ്ങളെ കുറിച്ചും സംസാരിച്ചു.
എന്റെ കൊരട്ടിയിലെ മുടപുഴ ഡാമിന്റെ ശോചനീയ അവസ്ഥയെ കുറിച്ച് ജൂൺ 30ന് വീഡിയോ റിപ്പോർട്ട് കൊടുത്തിരുന്നു.
ഈ വാർത്ത, മുടപുഴ ഡാമിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി തീർന്നതിലുള്ള ‘എന്റെ കൊരട്ടി ‘ ടീമിന്റെ ചാരിതാർഥ്യം പങ്കുവെയ്ക്കുന്നു..
ജൂൺ 30ലെ വീഡിയോ താഴെ കാണാം..