Site icon Ente Koratty

കൊരട്ടിയുടെ സ്വന്തം മുടപുഴ ഡാം – വീഡിയോ

കൊരട്ടി : പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലക്ക് ഊന്നൽ നൽകുകയെന്ന ലക്ഷ്യംവച്ച് 1955 ൽ പണികഴിപ്പിച്ച മുടപ്പുഴ ഡാം ഇപ്പോൾ പായലും പാഴ്വസ്തുക്കളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. കൊരട്ടി, ചിറങ്ങര, തിരുമുടിക്കുന്നു പ്രദേശങ്ങൾക്ക് കാർഷിക ആവശ്യങ്ങൾക്കായി വെള്ളം എത്തിക്കുന്നതിൽ മുടപ്പുഴ ഡാമിന്റെ പങ്കു വളരെ വലുതായിരുന്നു. ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവ്‌ വരെ ജലസമൃദ്ധി നിലനിറുത്തിയുരുന്നത് ഈ ഡാമാണ്.

പതിനാറ് അടി താഴ്ചയുണ്ടായിരുന്ന ഈ ഡാം മിക്കവാറും മൂടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ലിഫ്റ്റ് ഇറിഗേഷൻ വഴി തിരുമുടിക്കുന്നിലുള്ള സുഗതി ജംഗ്ഷൻ, പെരുമ്പി ഭാഗത്തേക്ക് ജലം എത്തിക്കുന്നതിനോടൊപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം നിലനിർത്തുകയും ചെയ്യുന്ന വലിയൊരു ജലസംഭരണിയായിരുന്ന ഈ ഡാം പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

ചാലക്കുടിപ്പുഴയിലെ തുമ്പൂർമുഴി റിവർഡൈവേർഷൻ സ്കീമിന്റെ ഇടതുകര കനാൽവഴി പോകുന്ന വെള്ളം മുടപ്പുഴ ഡാമിനെ ജലസമ്പുഷ്ടമാക്കുന്നു. പക്ഷെ, കാലാകാലങ്ങളിൽ അറ്റകുറ്റപണിയും ശുചീകരണവും നടക്കാത്തതുകൊണ്ട് പഞ്ചായത്തിലെ 8, ഒമ്പത്, പത്ത് വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കുമായിരുന്ന ഈ ഡാം ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്. സെന്റ് മേരീസ് ഈസ്റ്റ്, സെന്റ് മേരീസ് വെസ്റ്റ്, പെരുമ്പി, സുഗതി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകൾ നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ വററി വരളും. കൃഷിഭൂമികള്‍ നനക്കാന്‍ സാധിക്കാതെ കൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് വര്‍ഷം മുന്‍പ് വരെ ചെറുവഞ്ചികള്‍ ഇറക്കുമായിരുന്ന ഈ ഡാം ഇപ്പോള്‍ കണ്ടാല്‍ ചതുപ്പ് നിലമാണെന്നേ തോന്നു. ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയിലെ ചളിയും പായലും പാഴ് വസ്തുക്കളും നീക്കി സംരക്ഷണ ഭിത്തികെട്ടി, ഡാം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

കൊരട്ടി ഗ്രാമപഞ്ചായത്തിലെ നല്ലൊരു വിനോദ സഞ്ചാരകേന്ദ്രമായി മാറ്റിയെടുക്കുവാന്‍ ഈ ഡാമും പരിസരവും ഉപയോഗപ്പെടുത്താം. നിരവധി നിവേദനങ്ങള്‍ അധികാരികള്‍ക്ക് കൊടുക്കുകയും അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയും ചെയ്തിട്ടും ഡാം നവീകരണത്തിനായുള്ള നടപടികളില്‍ പുരോഗതിയൊന്നും കാണുന്നില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. ആയതിനാല്‍ ഡാം പുനരുദ്ധാരണത്തിനായി സര്‍ക്കാര് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Exit mobile version