Site icon Ente Koratty

തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണ പോലെ ആള്‍ക്കൂട്ടുമുണ്ടാകുന്നു. കൊവിഡ് ബാധിച്ച് അഭിനയിക്കാന്‍ പോയ ആളുകളും ഇവിടെത്തന്നെയാണ്. പനിയുണ്ടായിട്ടും ചുറ്റിക്കറങ്ങി എന്നാണ് പറയുന്നത്. ഇതൊക്കെ നാം അറിയാതെ നമുക്കുചുറ്റും രോഗം സഞ്ചരിക്കുന്നു എന്നതിന്റെ തെളിവാണ്.

നഗരത്തില്‍ ശക്തമായ നിയന്ത്രണ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസുകളിലെ പൊതുജന സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇത് വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ ബാധകമാണ്. രോഗം ബാധിക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത് സ്വന്തം ഭാഗത്തുനിന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദി ചെയിന്‍ എന്നതിന് നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ത്ഥം. രോഗവ്യാപനത്തിന്റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version