Site icon Ente Koratty

‘അഞ്ചടിയുള്ള പാമ്പ് ജനാലവഴി എസി മുറിയിൽ കയറില്ല’; ഉത്ര വധക്കേസിൽ വിദഗ്ധ സമിതിയുടെ നിർണായക കണ്ടെത്തൽ

ഉത്ര വധക്കേസിൽ നിർണായക കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. അഞ്ചടിയുള്ള പാമ്പ് ജനാലവഴി എസി മുറിയിൽ കയറില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ അണലി സ്വയം എത്തില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. ഉത്രയുടേയും സൂരജിന്റേയും വീട്ടിൽ നടത്തിയ തെളിവെടുപ്പിന് ശേഷമാണ് വിദഗ്ധ സമിതി ഇക്കാര്യം വ്യക്തമാക്കി.

സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാർ ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കേസിലെ പ്രതി സുരേഷ് ആലങ്കോട് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ആലങ്കോട് കരവാരം പഞ്ചായത്ത് പതിനാലാം വാർഡ് ലീല ഭവനത്തിൽ നിന്നാണ് സുരേഷ് മൂർഖനെ പിടികൂടിയത്. വനം വകുപ്പ് നടത്തിയ ചോദ്യം ചെയ്യലിൽ സുരേഷ് ഈ ദൃശ്യങ്ങളുടെ കാര്യം വെളിപ്പെടുത്തിയിരുന്നു. കേസിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും.

Exit mobile version