ഭർത്താവിൽ നിന്ന് കുട്ടിക്കേറ്റത് ക്രൂര മർദനമെന്നും, തിരികെ നേപ്പാളിൽ പോകാൻ വേണ്ട സഹായം നൽകണമെന്നും അങ്കമാലിയിൽ പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്റെ അമ്മ. അതേസമയം ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ കുട്ടി സ്വയം കണ്ണുതുറന്നതായും കരഞ്ഞതായും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലായി.
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്നത് പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ്. കേരളത്തിന്റെ പ്രാർത്ഥന മുഴുവൻ നൽകിയ കുഞ്ഞിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. തലയിൽ ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂർ പിന്നിട്ടപ്പോൾ കുട്ടി കരയാനും തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. കുട്ടി പാല് കുടിച്ച് തുടങ്ങി. ഹൃദയമിടിപ്പിലും കാര്യമായ മാറ്റമുണ്ട്.
അതേസമയം കുഞ്ഞിനേറ്റത് ക്രൂര മർദ്ദനമാണെന്ന് കുട്ടിയുടെ അമ്മ. തിരികെ നേപ്പാളിലേക്ക് പോകാൻ വേണ്ട സഹായം ചെയ്ത് നൽകണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞ് തന്റെതല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കുട്ടിയെ മര്‍ദിച്ചിരുന്നു. പരുക്ക് പറ്റിയ അന്നേ ദിവസം കുട്ടിയെ ഭര്‍ത്താവ് മുഖത്ത് അടിച്ച് കട്ടിലിലേക്ക് എറിഞ്ഞു. ഇനി ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും കുട്ടിയുടെ അമ്മ.
ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ കുട്ടിയുടെ തലച്ചോറിൽ കെട്ടിക്കിടക്കുന്ന രക്തവും നീർക്കെട്ടും ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി അബോധാവസ്ഥയിലായിരുന്നു. എന്നാൽ, ഇന്നലെ രാവിലെ കുട്ടി കരയാനും കണ്ണ് തുറക്കാനും ശ്രമിച്ചതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനെ തുടർന്ന് കുട്ടിയെ ഓക്സിജന്റെ സഹായത്തോടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ജനിച്ചത് പെൺകുഞ്ഞാണെന്നതിന്റെ പേരിൽ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിലാകുന്നത്. അങ്കമാലി ജോസ്പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40)ആണ് പിടിയിലായത്. അൻപത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലയ്ക്കടിച്ചുമാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്.