Site icon Ente Koratty

അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ

കഴിഞ്ഞ 18നാണ് അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിന് ക്ഷതം ഏറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുഞ്ഞ് കരയുകയും തനിയെ കൈകാലുകൾ അനക്കുകയും കണ്ണ് തുറക്കുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുഞ്ഞിന്റെ ഈ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂർ കുഞ്ഞ് നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ ഉച്ചയോടു കൂടിയാണ് കുഞ്ഞിനെ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂറോ വിഭാഗം ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. 56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് തലയ്ക്കേറ്റ ക്ഷതം കാരണം തലച്ചോറിൽ നീർക്കെട്ടും രക്തസ്രാവവും ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് നീക്കുകയും തലച്ചോറിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു.

കഴിഞ്ഞ 18നാണ് അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ ചികിത്സാ ചെലവ് വഹിക്കുന്നത് ശിശുക്ഷേമസമിതിയാണ്.

കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റുവെന്നായിരുന്നു അച്ഛൻ ആദ്യം പറഞ്ഞത്. പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.

Exit mobile version