വയനാട് പുൽപ്പളളി ബസവൻകൊല്ലിയിൽ കഴിഞ്ഞ ദിവസം 24കാരനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ പിടികൂടാൻ ഇന്ന് കാട്ടിൽ വ്യാപക തെരച്ചിൽ നടത്തുന്നു. ബസവൻകൊല്ലി പണിയ കോളനിയിലെ 24കാരനായ ശിവകുമാറിന്റെ മരണം ഉൾക്കൊളളാൻ കുടുംബത്തിനും പ്രദേശത്തുകാർക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ നാല് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 16ന് ഉച്ചയോടെയാണ് കോളനിയിൽ നിന്ന് വനത്തിലേക്ക് വിറക് ശേഖരിക്കാൻ 24കാരനായ ശിവകുമാർ പോയത്. വൈകുന്നേരമായിട്ടും കാണാതായതോടെ വനംനകുപ്പിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ പിറ്റേന്ന് രാവിലെയാണ് ശിവകുമാറിന്റെ മൃതദേഹം കണ്ടെത്തുന്നത്. തലയും കാലുകളും ഒഴികെ പൂർണ്ണമായി കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
വനത്തിനകത്ത് വച്ച് തന്നെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശിവകുമാറിന്റെ വേർപാട് കുടുംബത്തിന് ഇതുവരെ ഉൾക്കൊളളാനായിട്ടില്ല. ഒരു കുടുംബത്തിന്റെ അത്താണിയാണ് വന്യമൃഗാക്രമണത്തിൽ ഒരു ദിവസം കൊണ്ട് ഇല്ലാതായത്.
നരഭോജി കടുവയെ പിടികൂടാൻ കഴിഞ്ഞ ദിവസം തന്നെ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ക്യാമറയും സ്ഥാപിച്ചു. വയനാട് ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊലപ്പെട്ടത് നാല് പേരാണ്. അതും കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട വനഗ്രാമങ്ങളിൽ താമസിക്കുന്നവർ.