കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും സഹപ്രവർത്തകനുമാണ്. ഹോം ക്വാറന്റീനിൽ കഴിയുന്ന ആളുകളെ നിരീക്ഷിക്കാൻ ഇദ്ദേഹം പോയിരുന്നു. ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് സെന്റർ പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് രണ്ടാമത്തെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടു ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പ്രദേശവാസിയായ ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് 17–ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയോടെ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവ് വന്നിരുന്നു. പ്രദേശത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, കളമശേരി സ്റ്റേഷനിലെ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ച പൊലീസുകാരുമായി സമ്പർക്കത്തിലുണ്ടായിരുന്നു എന്നു കരുതുന്ന 59 പൊലീസുകാരെ ക്വാറന്റീനിൽ അയച്ചിരിക്കുകയാണ്.