കൊല്ലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദലിത് കുട്ടിയുടെ മരണം പൊലീസ് ആത്മഹത്യയായി എഴുതി തളളി. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ട്. 14 വയസുള്ള കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് തേടി.
ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതെങ്ങനെ വന്നെന്ന് ഏരൂര്‍ പൊലീസ് പറഞ്ഞില്ല. പകരം തൂങ്ങിമരണം ആണെന്ന് കാണിച്ച് കേസ് അവസാനിപ്പിച്ചു.
വാഴയിലെ ഉണങ്ങിയ ഇലയിലാണ് കഴുത്ത് കുരുക്കിയിരിക്കുന്നത്. കുട്ടിയ്ക്കും വാഴയ്ക്കും ഈ സമയം ഒരേ പൊക്കമാണെന്നും ഇന്‍ക്വസ്റ്റിന്റെ എട്ടാം ചോദ്യത്തിന് ഉത്തരമായി ഏരൂര്‍ പൊലീസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കൃത്യമായ അന്വേഷണം നടന്നില്ല. സംഭവത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയതായി പട്ടികജാതി കമ്മീഷന് അറിയിച്ചു.