Site icon Ente Koratty

വൈദ്യുതി ബില്ലില്‍ ഇളവ് നല്‍കുന്ന കാര്യം കെ.എസ്.ഇ.ബിയുടെ പരിഗണനയില്‍

വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്‍കുന്ന കാര്യം കെ.എസ്.ഇ.ബി പരിഗണിക്കുന്നു. വൈദ്യുതി ചാര്‍ജ് സൌജന്യമായിരുന്ന വിഭാഗം, കുറഞ്ഞ നിരക്ക് നല്‍കിയിരുന്നവര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കുന്നതിനെക്കുറിച്ചാണ് ആലോചന. ബില്ലിങ് പൂര്‍ത്തിയാകുന്ന ജൂണ്‍ 20 ന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. പ്രതിപക്ഷത്തിന് പിന്നാലെ സി.പി.ഐയും എതിര്‍ശബ്ദമുയര്‍ത്തിയതോടെയാണ് നടപടി.

ലോക്ഡൌണ്‍ കാലത്തെ വൈദ്യുതി ബില്ലിനെക്കുറിച്ചുയര്‍ന്നത് ഇതുവരെ കാണാത്ത പ്രതിഷേധമാണ്. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വൈദ്യുതി ബില്ലിലെ ഷോക്കാണ് ചര്‍ച്ച. കേരളത്തിലെ ഭൂരിഭാഗം പേരെയും ബാധിക്കുന്ന വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ ഭരണ പക്ഷത്തെ പ്രമുഖ കക്ഷിയായ സി.പി.ഐയും ബില്ലില്‍ ഇളവ് നല്‍കണമെന്ന ആവശ്യം പരസ്യമായി ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് ഇളവിനെക്കുറിച്ച് കെ.എസ്.ഇ.ബി ആലോചിക്കുന്നത്. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി പൂര്‍ണമായി സൌജന്യമാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തവണ ബില്ലടക്കേണ്ടി വന്നിട്ടുണ്ട്.

250 യൂണിറ്റ് വരെ ഉപയോഗിക്കുന്നര്‍ക്ക് ടെലിസ്കോപിക് രീതിയിലായിരുന്ന ബില്ലിങ്. എന്നാല്‍ ഉപഭോഗം കൂടിയതോടെ മുഴുവന്‍ യൂനിറ്റിനും ഉയര്‍ന്ന വില നല്‍കേണ്ടി വന്നു. ഇവര്‍ക്ക് യൂണിറ്റ് നിരക്ക് കുറക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കൂടുതല്‍ ജനങ്ങ‍ള്‍ക്ക് ഇളവ് ലഭിക്കുന്ന രീതിയിലാകും തീരുമാനമുണ്ടാവുക. ഇത്തവണത്തെ ബില്ലിങ് ജൂണ്‍ 20 ഓടെ പൂര്‍ത്തിയാകും. ഇതിന് ശേഷമേ ഓരോ വിഭാഗം ഉപഭോക്താക്കളും അടച്ച തുകയുടെ കണക്ക് കെ.എസ്.ഇ.ബിക്ക് ലഭിക്കും. ഇളവ് നല്‍കുന്നതിലൂടെ കെ.എസ്.ഇ.ബിക്കുണ്ടാകുന്ന നഷ്ടവും അപ്പോഴേ കണക്കാക്കാന്‍ കഴിയൂ. ഇളവ് ഏത് രീതിയിലാണെന്ന് തീരുമാനിക്കാന്‍ ഇതു രണ്ടും ആവശ്യമാണ്. ഇളവ് നല്‍കുന്നകാര്യം പരിഗണിക്കാന്‍ മുഖ്യമന്ത്രിയും കെ.എസ്.ഇ.ബിയോട് നിര്‍ദേശിച്ചതായാണ് സൂചന.

Exit mobile version