Site icon Ente Koratty

കണ്ണൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു.

ഈ മാസം 16നാണ് സുനിലിന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂർ ജില്ലയിലെ നാലാമത്തെ കോവിഡ് മരണമാണിത്.

ഈ മാസം 12ആം തിയ്യതിയാണ് സുനിലിന് നേരിയ പനി അനുഭവപ്പെട്ടത്. രണ്ട് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. 14ആം തിയ്യതി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ഇരിക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണൂരിലെ മറ്റൊരു ആശുപത്രിയില്‍ എത്തി. കൊയ്‍ലി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കോവിഡ് ലക്ഷണമാണെന്ന സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പരിയാരം ആശുപത്രിയിലേക്ക് മാറ്റി. 15ആം തിയ്യതി ശ്രവം പരിശോധനയ്ക്ക് എടുത്തു. 16ആം തിയ്യതി കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ലഭിച്ചു. അപ്പോഴേക്കും ന്യൂമോണിയ ബാധിച്ച് ആരോഗ്യനില അതീവ ഗുരുതരമായി.

ഇന്നലെ ഇരുശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായി. ജീവൻ നിലനിർത്തിയിരുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്. രക്തസമ്മർദത്തിലും വ്യതിയാനമുണ്ടായി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെവേയാണ് അന്ത്യം.

Exit mobile version