Site icon Ente Koratty

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വര്‍ഷം നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പ്രസിദ്ധികരിച്ചു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുന്‍സിപ്പാലിറ്റികളിലെയും ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ് അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഇന്ന് പ്രസിദ്ധീകരിച്ചത്. 1,25 40, 302 പുരുഷന്മാര്‍, 1, 36, 84,019 സ്ത്രീകള്‍, 180 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിങ്ങനെയാണ് പട്ടികയിലെ വോട്ടര്‍മാര്‍. പുതുതായി 6,78,147 പുരുഷന്‍മാരും 8, 01,328 സ്ത്രീകളും 66 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിങ്ങനെ 14,79, 541 വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവര്‍, സ്ഥിരതാമസമില്ലാത്തവര്‍ തുടങ്ങിയ 4, 34, 317 വോട്ടര്‍മാരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കരട് പട്ടികയില്‍ ആകെ 2,51, 58,230 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 16വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് അവസരങ്ങള്‍ നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

Exit mobile version