Site icon Ente Koratty

നിരക്കു കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണമെന്ന് കെ. സുരേന്ദ്രന്‍

ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെ.എസ്.ഇ.ബിയുടെ നടപടിയില്‍ അടിയന്തരമായി തിരുത്തൽ ഉണ്ടാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുന്‍ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വരെ ബില്ലാണ് പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്. സാങ്കേതികകാര്യങ്ങള്‍ പറഞ്ഞ് അമിതബില്ലിനെ ന്യായീകരിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ നടപടി നീതീകരിക്കാനാകില്ല. നിരക്കു കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊറോണ വ്യാപനകാലത്ത് ദുരിതത്തിലായ ജനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയ വലിയ അടിയാണ് വൈദ്യുതി ബില്ലിലെ വര്‍ദ്ധന. മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വീടുകളില്‍ ആളെത്താതിരുന്നതിന് ഉത്തരവാദി ഉപഭോക്താക്കളല്ല. മൂന്ന് മാസത്തെ മീറ്റര്‍ റീഡിംഗ് ഒരുമിച്ചെടുത്തപ്പോൾ ഉണ്ടായ നിരക്ക് മാറ്റമാണിതെന്ന സാങ്കേതികന്യായം അംഗീകരിക്കാൻ കഴിയില്ല.

കോറോണക്കാലത്ത് എല്ലാവരെയും സഹായിക്കുന്നെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. വൈദ്യുതി വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊറോണ പ്രതിസന്ധിക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍. വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിച്ചെന്ന് ഓദ്യോഗികമായി പറയാതെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജോലി പോലും ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് ബഹുഭൂരിപക്ഷവും. ഈ പ്രതിസന്ധിക്കാലത്ത് വൈദ്യുതിനിരക്കും വെള്ളത്തിന്റെ നിരക്കും ഒഴിവാക്കി കൊടുക്കേണ്ട സര്‍ക്കാര്‍ കൂടിയ നിരക്ക് ഈടാക്കുന്നത് ജനവഞ്ചനയാണ്. ഇപ്പോഴത്തെ ബില്ലുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. പകരം തെറ്റു തിരുത്തി കുറഞ്ഞ നിരക്കിലുള്ള ബില്ലുകള്‍ നല്‍കണം. സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version