തിരുവനന്തപുരം പൊഴിയൂരിൽ മൂന്ന് മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പൊഴിയൂർ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയിൽ നിന്ന് പുറത്തെടുക്കുന്നത്. മാര്‍ച്ച് 6 നാണ് ജോണ്‍ മരിച്ചത്. മാര്‍ച്ച് 7 ന് ശവസംസ്കാരം നടത്തുകയും ചെയ്തു.
ജോണ്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് ആദ്യം ബന്ധുക്കള്‍ പറഞ്ഞിരുന്നത്. മറ്റ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഭാര്യയും മക്കളും പോലീസിന് മൊഴി നൽകി. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജോണിന്റെ സഹോദരിയും അച്ഛനും സംശയം ഉന്നയിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊഴിയൂർ പോലീസ് തീരുമാനിച്ചത്.
ജോണിന്റെ മകനെ കൊണ്ട് ഭാര്യ സഹോദരന്റെ മകളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അത് ജോണ്‍ എതിര്‍ത്തിരുന്നുവെന്നും സഹോദരി ലിന്‍മേരി പറയുന്നു. ജീവനോടെയാണ് തന്റെ സഹോദരനെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. ആര്‍മിയിലുള്ള മകന് വരാന്‍ അഞ്ചാറ് ദിവസമെടുക്കും അതുകൊണ്ടാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് മൃതദേഹം ഒന്ന് കാണാന്‍ പോലും തങ്ങളെ അനുവദിച്ചില്ല. മകന് വരുന്നതുവരെ കാത്തുനിന്നില്ലെന്ന് മാത്രമല്ല, തങ്ങളെ കാണിക്കാതെ അടുത്തദിവസം തന്നെ സംസ്കാരം നടത്തുകയും ചെയ്തു.
മരിച്ച ദിവസം രാവിലെ 11 മണിക്ക് സഹോദരന് തന്നെ കാണാന്‍ വന്നിരുന്നുവെന്നും പതിനൊന്നരയോടെ സഹോദരന് മരിച്ചെന്നാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. അന്നേ ദിവസം സഹോദരന്റെ വീട്ടില്‍ എന്തൊക്കെയോ ബഹളം കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞതാണ് സംശയം ജനിപ്പിച്ചത്. തുടര്‍ന്നാണ് തങ്ങള്‍ പരാതി കൊടുത്തത് എന്നും ലിന്‍മേരി പറയുന്നു.