Site icon Ente Koratty

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി; എതിർപ്പുമായി സിപിഐ

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എതിർത്ത് സിപിഐ. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിനു പിന്നിൽ ആരായിരുന്നാലും അവർക്ക് എൽഡിഎഫിൻ്റെ രാഷ്ട്രീയം അറിയില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

എൽഡിഎഫ് ചർച്ച ചെയ്തിട്ടു വേണം ഇത്തരം നീക്കങ്ങളിലേക്ക് കടക്കാൻ. ചർച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതിയാണിത്. പുതിയ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ മുതൽ ഈ വിഷയത്തിൽ ഉണ്ടായിരുന്ന സിപിഐയുടെ നിലപാടിൽ മാറ്റം ഉണ്ടാവില്ല. ഈ സമയത്ത് വാർത്ത പുറത്തുവന്നത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. എവൈഐഎഫ് ഉൾപ്പെടെ സിപിഐയുടെ മറ്റ് സംഘടനകളും പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജലവൈദ്യുത പദ്ധതി വലിയ പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്നാണ് വിമര്‍ശനം.

കുറച്ചു മുൻപാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയത്. സാങ്കേതിക-പാരിസ്ഥിതിക അനുമതികൾക്കായുള്ള നടപടികൾ തുടങ്ങാൻ എൻഒസി അനുവദിക്കാനും തീരുമാനമായിരുന്നു. ഏഴു വർഷത്തെ കാലാവധിയാണ് എൻഒസിക്ക് ഉള്ളത്. പദ്ധതിക്ക് നേരത്തെ ലഭിച്ച അനുമതികൾ കാലഹരണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് എൻഒസി അനുവദിച്ചത്.

163 മെഗാവാട്ട് ഉത്‌പാദനം ലക്ഷ്യമിട്ടാണ് നേരത്തെ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെപ്പറ്റി ചർച്ചയുണ്ടായത്. എന്നാൽ അന്ന് കടുത്ത പ്രതിഷേധവും വിമർശനവും ഉയർന്നതോടെ സർക്കാർ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു.

Exit mobile version