പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജി ഹാൾ ടിക്കറ്റിനു പിന്നിൽ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജിൻ്റെ അവകാശവാദം നിഷേധിച്ച് കുട്ടിയുടെ പിതാവ്. അത് അഞ്ജുവിൻ്റെ കൈപ്പടയല്ലെന്നും ഹാൾ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോൾ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഹാൾ ടിക്കറ്റിനു പിന്നിൽ പിന്നീട് എഴുതിച്ചേർത്തതാണ് കോളജ് അധികൃതർ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്നലെ പ്രിൻസിപ്പാളിൻ്റെ മൊബൈൽ നമ്പർ ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്ന് പറഞ്ഞ അധ്യാപകനാണ് കോളജിനു വേണ്ടി പത്രസമ്മേളനം നടത്തിയത്. അദ്ദേഹം കോളജിൻ്റെയോ പള്ളിയുടെയോ ആരുമല്ല. രാത്രി 10 മണിക്കാണ് എസ് ഐയോടൊപ്പം കോളജിൽ കയറി ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ കണ്ടത്. അതിൽ പേപ്പർ തട്ടിപ്പറിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ നീക്കം ചെയ്താണ് കോളജ് അധികൃതർ ഇന്നലെ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ ക്യാമറകൾ കേടാണെന്ന് അറിയിച്ചിരുന്നു. അതാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ കുട്ടി ഇറങ്ങിപ്പോകുന്നതായി കാണിച്ചത്.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. കോളജിനു വേണ്ടിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മുഴുവൻ രേഖകളും കോളജ് സമർപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഞങ്ങൾക്ക് സർക്കാർ നീതി ലഭ്യമാക്കണം. പ്രിൻസിപ്പാളിനെതിരെ നടപടി എടുക്കണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. രാത്രി അച്ചൻ്റെ അടുത്തേക്ക് അന്വേഷിക്കാൻ പോയപ്പോൾ ഏതെങ്കിലും ആൺകുട്ടികളോടൊപ്പം പോയിട്ടുണ്ടാവുമെന്ന് പറഞ്ഞുവെന്നും അഞ്ജുവിൻ്റെ പിതാവ് പറഞ്ഞു.
പോസ്റ്റ്മാർട്ടം കഴിഞ്ഞപ്പോൾ മൃതദേഹവുമായി പൊലീസ് എങ്ങോട്ടോ പോയിട്ടുണ്ട്. എങ്ങോട്ടാണെന്ന് അറിയില്ല. ആംബുലൻസിൽ കയറിയ ബന്ധുവിനെ പൊലീസ് ഇറക്കി വിട്ട് എസ് ഐ മുന്നിൽ കയറിയെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. എട്ട് മണി ആയപ്പോൾ താൻ അച്ചൻ്റെ അടുക്കൽ എത്തിയതാണ്. അപ്പോഴാണ് കുട്ടി ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയിട്ടുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞത്, എന്നാൽ, രാത്രി 10 മണിക്ക് പൊലീസ് അറിയിച്ചപ്പോഴാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്നാണ് അച്ചൻ പിന്നീട് പറഞ്ഞതെന്നും കുട്ടിയുടെ ബന്ധു പറഞ്ഞു.