Site icon Ente Koratty

വയനാട്ടിൽ കെണിയിൽ അകപ്പെട്ട പുലി ജനവാസകേന്ദ്രത്തിലേക്ക് ഓടി രക്ഷപ്പെട്ടു

വയനാട് സുൽത്താൻ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്ത് കെണിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പുലി ചാടിപ്പോയി. കെണിയിൽ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി വനം വകുപ്പ് അധികൃതരും മൃഗ ഡോക്ടറുമെല്ലാം എത്തി കുറച്ച് സമയത്തിന് ശേഷമാണ് പുലി ചാടിപ്പോയത്. ജനവാസ കേന്ദ്രത്തിലേക്കാണ് പുലി ഓടിയിരിക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുലിയെ കുടുക്കാൻ കൂടും കൊണ്ടുപോകാനുള്ള വാഹനങ്ങളും മറ്റ് സൗകര്യങ്ങളും എല്ലാം ഒരുങ്ങിയിരുന്നു. അതിനിടയിലാണ് പുലി ചാടിപ്പോയത്. മയക്കുവെടി വയ്ക്കാനുള്ള ക്രമീകരണങ്ങളിലായിരുന്നു അധികൃതർ. അടുത്തേക്ക് ഡോക്ടർമാർ പോയപ്പോൾ തന്നെ പുലി ജനവാസകേന്ദ്രത്തിലേക്ക് ഓടിമറയുകയായിരുന്നു. ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പുലി ജനവാസകേന്ദ്രത്തിൽ തന്നെയാണെന്നാണ് വിവരം.

പുലി കാണുമ്പോൾ തന്നെ മയക്കുവെടിവച്ച് കാട്ടിലെത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. 4-5 മണിക്കൂറുകൾ പുലി കെണിയിൽ കുടുങ്ങിക്കിടന്നിരുന്നു. എന്നാൽ നിലമ്പൂർ ഭാഗത്തായിരുന്ന മൃഗ ഡോക്ടർ എത്താൻ വൈകുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് പുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കെണിയിൽ കുടുങ്ങിയ നിലയിലായിരുന്ന പുലിയെ കണ്ടെത്തിയത്. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലായിരുന്നു വനം വകുപ്പ്. പുലിയുടെ ശരീരത്തിലെ മുൻകാലുകളിൽ ഒന്നായിരുന്നു കെണിയിൽ കുടുങ്ങിയിരുന്നത്. ജനപ്രതിനിധികളും വന്യജീവി സങ്കേതം മേധാവിയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version