കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അങ്കമാലിയിൽ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങുന്നു. അത്യാധുനിക രീതിയിൽ ചികിത്സ ലഭ്യമാകുന്ന 200 പേർക്കുള്ള സൗകര്യം സൗജന്യമായാണ് ഇവിടെ ഒരുക്കുന്നത്. രോഗികൾ വർധിക്കുന്നതിൽ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും ചികിത്സ സെന്ററുകൾ പൂർണ സജ്ജമെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.
കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ എന്ന നിലയിലാണ് അങ്കമാലിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ചികിത്സ സെന്റർ ഒരുങ്ങുന്നത്. 200 പേർക്കുള്ള സൗകര്യമാണ് അഡ്ലെക്സ് എക്സിബിഷൻ സെന്ററിൽ സൗജന്യമായി ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇവിടേക്ക് ലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് പ്രവേശിപ്പിക്കുക. തുടർന്ന് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷണങ്ങൾ ഉള്ളവർക്കും ഇവിടെ ചികിത്സ സൗകര്യം ഒരുക്കും. മന്ത്രി വി എസ് സുനിൽ കുമാർ കൊവിഡ് സെന്റർ സന്ദർശിച്ച് ചികിത്സ സൗകര്യങ്ങൾ വിലയിരുത്തി.
രാഷ്ട്രീയ ഭേദമന്യേ നിരവധി യുവാക്കൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിച്ചാണ് വേഗത്തിൽ ഈ സൗകര്യങ്ങൾ ഒരുക്കിയതെന്ന് അങ്കമാലി എംഎൽഎ റോജി എം ജോൺ പറഞ്ഞു. രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അകത്ത് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുമ്പോൾ അണുനശീകരണം നടത്തുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെ തയാറാണ്.