അസമിലെ കാമുകിയുടെ അടുത്തെത്താൻ പണമുണ്ടാക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് കോട്ടയത്ത് വീട്ടമ്മയെ കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാൽ പൊലീസിനോട് സമ്മതിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് അസമിലെ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഓൺലൈൻ ഗെയിമുകൾ വഴി പണം ലഭിച്ചതായും ബിലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അതിനിടെ കോട്ടയം ഷീബ കൊലക്കേസിലെ പ്രതി ബിലാലിനെ ആലപ്പുഴയിലെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷമാണ് ബിലാല്‍ ലോഡ്ജിലെത്തിയത്. മെയ് ഒന്നാം തിയ്യതി രാവിലെ ലോഡ്ജിലെത്തിയ ബിലാല്‍ ഒരു മണിക്ക് റൂം ഒഴിഞ്ഞു പോയി. ബിലാല്‍ എത്തിയപ്പോള്‍ അസ്വാഭാവികത തോന്നിയില്ലെന്ന് ലോഡ്ജ് ജീവനക്കാരൻ ഷാജി പറഞ്ഞു.
ഇന്നലെ തണ്ണീര്‍ മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കായലില്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തികളും കണ്ടെത്തിയിരുന്നു. ആദ്യ ദിവസം കൊച്ചിയില്‍ നടത്തിയ തെളിവെടുപ്പില്‍ മോഷണം പോയ സ്വര്‍ണ്ണവും കണ്ടെത്തി. തിങ്കളാഴ്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ വീണ്ടും ഹാജരാക്കാനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം തലയ്ക്ക് അടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഷീബയുടെ ഭര്‍ത്താവ് സാലിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ ശസ്ത്രക്രിയ തീവ്രപരിചരണ വിഭാഗത്തിലാണ് സാലിയുള്ളത്. തലച്ചൊറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. ദ്രവരൂപത്തിലുളള ഭക്ഷണവും സാലിക്ക് നല്‍കിത്തുടങ്ങി.