Site icon Ente Koratty

കുറഞ്ഞ നിരക്കിൽ ആളുകളെ കൊണ്ടു വരണം: ചാർട്ടർ വിമാന സർവീസുകൾക്ക് തിരിച്ചടിയായി കേരളത്തിന്‍റെ ഉപാധികള്‍

കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട് ചാർട്ടർ വിമാന സർവീസുകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. സ്പൈസ് ജെറ്റിനു പുറമെ കൂടുതൽ വിമാന കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രം തയാറായിട്ടില്ല. കുറഞ്ഞ നിരക്കിൽ ആളുകളെ കൊണ്ടു വരണമെന്ന കേരളത്തിന്‍റെ പിടിവാശി പ്രതിസന്ധി സങ്കീർണമാകുമെന്ന ആശങ്കയിലാണ് പ്രവാസലോകം.

മടങ്ങാൻ ആഗ്രഹിച്ച് എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റർ ചെയ്തവരിൽ പതിനഞ്ചു ശതമാനം പേർക്കു പോലും ഇതിനകം അവസരം ലഭിച്ചിട്ടില്ല. ഗർഭിണികൾ, വയോധികർ, ചികിൽസ ആവശ്യമുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയിൽ വന്നു കുടുങ്ങിയവർ ഉൾപ്പെടെ മുൻഗണനാ പട്ടികയിൽ പെട്ട പതിനായിരങ്ങളും ആഴ്ചകളായി കാത്തിരിപ്പിലാണ്.

ഒഴിപ്പിക്കൽ വിമാന സർവീസുകൾ ഒട്ടും പര്യാപ്തമല്ലെന്നിരിക്കെയാണ് ചാർട്ടർ ഫ്ലൈറ്റുകൾക്ക് അനുമതി നൽകിയ നടപടി പ്രവാസലോകം സ്വാഗതം ചെയ്തത്. എന്നാൽ പുതിയ ഉപാധികൾ ചാർട്ടർ വിമാന സർവീസുകൾക്ക് തിരിച്ചടിയാകും. ചുരുങ്ങിയ നിരക്കിൽ ആളുകളെ കൊണ്ടു പോകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളാണ് മുൻകൈയെക്കേണ്ടതെന്നും പ്രവാസലോകം ആവശ്യപ്പെടുന്നു.

ഗൾഫിലെ ബജറ്റ് എയർലൈൻസുകളും കേരളത്തിലേക്ക് സർവീസുകൾക്ക് സന്നദ്ധത അറിയിച്ചതാണ്. എന്നാൽ ഇക്കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പ്രവാസികളുടെ മടക്കം അനിശ്ചിതമായി നീളുമോ എന്ന ആശങ്കയും ശക്തമാണ്.

Exit mobile version