ഈ വർഷം ഡിസംബറിൽ തന്നെ കെ- ഫോൺ പദ്ധതി പൂർത്തിയാക്കുമെന്ന് ബഹു. മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ മുതലായ പൊതുസ്ഥാപനങ്ങൾക്കും നെറ്റ്വർക്ക് വഴി കണക്ഷന് ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷി്ക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഊർജ്ജം പകരും.
കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും കെ-ഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റർനെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വർദ്ധിക്കും. ലോകത്തിന്റെ ചലനം തന്നെ ഇന്റർനെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്റർനെറ്റിന്റെ ഉപയോഗം വലിയതോതില്‍ വർദ്ധിക്കും.
ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ് ഭാഗമായാണ് പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി ആവിഷ്കരിച്ചത്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല.1500 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), റെയിൽ ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ് ആർ ഐ ടി, എൽ എസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോർഷ്യം.