മുൻ വിജിലൻസ് ഡയറക്ടറും നിലവിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയുമായ ജേക്കബ് തോമസിനാണ് സർവ്വീസിൽ നിന്നും വിരമിയ്ക്കുന്നതിന്റെ തലേ ദിവസം ഓഫീസ് മുറി കിടപ്പുമുറിയാക്കേണ്ടി വന്നത്. ലോക്ക് ഡൗണായതിനാൽ ഹോട്ടൽ മുറികളോ, ഗസ്റ്റ് ഹൗസുകളോ ലഭ്യമല്ലാത്തതിനാലാണ് അദ്ദേഹത്തിന് ഓഫീസ് മുറിയിൽ കിടന്നുറങ്ങേണ്ടി വന്നത്.
കോവിഡ് കാലമായതിനാൽ മറ്റു സുഹൃത്തുക്കളുടെ വീട്ടിൽ പോവുന്നത് ഉചിതമല്ലായെന്നും ജേക്കബ് തോമസ് പറയുന്നു. നിലത്ത് ഷീറ്റ് വിരിച്ച് കിടന്നതിൻറെ ചിത്രം ജേക്കബ് തോമസ് തന്നെയാണ് പുറത്ത് വിട്ടത്. വിജിലൻസ് ഡയറക്ടറായിരിക്കേ സർക്കാരിനെ വിമർശിച്ചതിന് സസ്പെൻഷനിൽ പോവേണ്ടി വന്ന ജേക്കബ് തോമസ് പിന്നീട് അനുമതിയില്ലാതെ പുസ്തകം എഴുതിയതിൻറെ പേരിലും നടപടി നേരിട്ടു.
2019 ഒക്ടോബറിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി നിയമിച്ചു. ആദ്യമായാണ് ഒരു ഐ പിഎസുകാരനെ കമ്പനിയുടെ എംഡിയായി സർക്കാർ നിയമിയ്ക്കുന്നത്. ഇവിടെ നിന്നുമാണ് 34 വർഷത്തെ സർവ്വീസിൽ നിന്നും ജേക്കബ് തോമസ് വിരമിയ്ക്കുന്നത്.