ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ഒരു ചീഫ് സെക്രട്ടറിക്കും ജോലി ചെയ്യേണ്ടിവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ടോം ജോസിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണ നേതൃത്വത്തിന്റെ മനസ് അറിഞ്ഞു പ്രവർത്തിക്കാൻ ടോം ജോസിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയായി ടോം ജോസ് ചുമതലയേറ്റ ശേഷം നിപ്പയും പ്രളയവും കൊറോണയുമുൾപ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ലേശകരമായ ദൗത്യം വിജയിപ്പിക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ വിജയം. സിവിൽ സർവീസിന് ഒരു വരേണ്യ സംസ്കാരമുണ്ട്. അപൂർവം ചിലർക്കേ അതിൽ നിന്നും മാറാൻ കഴിയൂ. ജനിച്ച മണ്ണിന്റെ സംസ്കാരമായിരിക്കാം അതിലൊരാളായി മാറാൻ ടോം ജോസിന് കഴിഞ്ഞതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിട്ടയർമെന്റ് കഴിഞ്ഞാൽ ജീവിതത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കുകയാണെന്ന് ടോം ജോസ് പറഞ്ഞു. ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ ഇതിനെ വിനിയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി ടോം ജോസിനു സമ്മാനിച്ചു. മന്ത്രിമാർ, നിയുക്ത ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ടോം ജോസിന്റെ ഭാര്യ സോജ, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരുന്നു സമ്മേളനം.