മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്. വിടവാങ്ങിയത് പത്രാധിപരും എഴുത്തുകാരനുമായി തിളങ്ങിയ സോഷ്യലിസ്റ്റ് നേതാവ്.
പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ(ജോയന്റ് മാനേജിങ് ഡയറക്ടർ-മാതൃഭൂമി).
മദിരാശി വിവേകാന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എയും അദ്ദേഹം നേടി. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ, പി.ടി.ഐ.ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യൂണിയൻ മെമ്പർ,വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ,ജനതാദൾ(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1987ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങൾ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു.
ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം,ഓടക്കുഴൽ അവാർഡ്,സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.