മദ്യ വിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങായി. ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് ചില ഉപഭോക്താക്കൾ പറയുന്നു. ഡൗൺലോഡ് ചെയ്ത ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും തടസമുണ്ട്.
ഇന്നലെയാണ് ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തുന്നത്. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ശേഷം രാത്രി പതിനൊന്നുമണിയോടെയാണ് ആപ്പ് വീണ്ടും പ്ലേ സ്റ്റോറിൽ എത്തുന്നത്. ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തത് മൂന്നരലക്ഷത്തോളം ആളുകളാണ്.
മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മുമ്പേ തന്നെ ബീറ്റാ വേർഷൻ ലഭ്യമായിരുന്നു. മിനിറ്റുകൾക്കകം തന്നെ ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്തത് നിരവധിയായിരുന്നു. എട്ട് ലക്ഷം പേർ ഒരു സമയം ഈ ആപ്പിൽ എത്തിയാൽ പോലും സെർവറിന് ഒരു തകരാറും സംഭവിക്കില്ലെന്നായിരുന്നു ഫെയർകോഡ് നൽകുന്ന ഉറപ്പ്. ഉടൻ തന്നെ തകരാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.