Site icon Ente Koratty

1987 ബാച്ച് IPS ഉദ്യോഗസ്ഥ; സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: സിവൽ സർവീസ് ചരിത്രത്തിൽ പുത്തൻ റെക്കോഡ് സ്വന്തമാക്കി ആർ ശ്രീലേഖ ഐ.പി.എസ്. സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസുകാരിയെന്ന റെക്കോഡാണ് ശ്രീരേഖ സ്വന്തമാക്കിയിരിക്കുന്നത്. ഫയര്‍ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വര്‍ഷം ഡിസംബറിലാണ് ശ്രീലേഖ സർവീസിൽ നിന്നും വിരമിക്കുന്നത്.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. സംസ്ഥാനത്തെ ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന ഒഴിവിലേക്കാണ് ശ്രീലേഖയ്ക്കും ശങ്കര്‍ റെഡ്ഡിക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.

ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്. പി.യായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പി.യായും ശ്രീലേഖ പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി.യായും നാലുവർഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റിലും ജോലി ചെയ്തിട്ടുണ്ട്.

എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുമെത്തി. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു.

ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി പുസ്തകങ്ങളും ശ്രീരേഖ എഴുതിയിട്ടുണ്ട്. ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്.

Exit mobile version